ഗവർണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് കാര്യോപദേശക സമിതി തള്ളി; എതിർപ്പ് അറിയിച്ച് പ്രതിപക്ഷം

Jaihind News Bureau
Friday, January 31, 2020

ഗവർണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് കാര്യോപദേശക സമിതി തള്ളി. കീഴ് വഴക്കങ്ങൾക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയത്തിനുള്ള അനുമതി തള്ളിയത്. തീരുമാനത്തിൽ പ്രതിപക്ഷം രേഖാമൂലം എതിർപ്പ് അറിയിച്ചു. വിഷയം തിങ്കളാഴ്ച വീണ്ടും സഭയിലുന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.

ചട്ടപ്രകാരം അല്ലെന്ന് പറഞ്ഞാണ് കാര്യോപദേശക സമിതി നോട്ടീസ് തള്ളിയത്. എന്നാല്‍ നോട്ടീസ് ചട്ടപ്രകാരം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. ഗവര്‍ണരും സര്‍ക്കാരും തമ്മിൽ ഒത്തുകളിക്കുകയാണെന്നും ഇത് അംഗീകരിക്കാൻ ആകില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

നോട്ടീസിനെ പിന്തുണച്ചാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ സംസാരിച്ചതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് കാര്യോപദേശക സമിതിയോഗത്തിൽ സ്പീക്കറെ തള്ളിപ്പറയുകയാണ് പാര്‍ലമെന്‍ററി കാര്യമന്ത്രി എകെ ബാലൻ ചെയ്തതെന്നും കുറ്റപ്പെടുത്തി.