നെയ്യാറ്റിൻകര കൊലക്കേസ് പ്രതി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി

Jaihind Webdesk
Tuesday, November 13, 2018

Neyyattinkara-Murder-Case

നെയ്യാറ്റിൻകര കൊലക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇയാള്‍ കര്‍ണാടകത്തില്‍ ആയിരുന്നുവെന്നാണ് പൊലീസിനുണ്ടായിരുന്ന സൂചന. എന്നാല്‍ ഇന്നലെ രാത്രിയോടെ കല്ലമ്പലത്തുള്ള കുടുംബവീട്ടില്‍ എത്തിയതായാണ് വിവരം.

കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിനെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടതോടെ അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലോക്കല്‍ പൊലീസ് ഹരികുമാറിനെതിരെ ചുമത്തിയിരുന്നത് കൊലപാതക കേസ് മാത്രമായിരുന്നു. എന്നാല്‍ ക്രൈബ്രാഞ്ച് അന്വേഷണത്തില്‍ പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തിയിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ സനലിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവം നടന്ന് എട്ട് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനായിരുന്നില്ല. ഇതേത്തുടര്‍ന്ന് സനല്‍ കൊല്ലപ്പെട്ട സ്ഥലത്ത്, കേസില്‍ നീതി തേടി, സനലിന്‍റെ ഭാര്യയും മക്കളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ സമരം ചെയ്യുന്നതിനിടെയാണ് ഹരികുമാറിന്‍റെ മരണവാര്‍ത്ത എത്തിയത്.  “ദൈവത്തിന്‍റെ വിധി നടപ്പായി” എന്ന് കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. തുടര്‍ന്ന് ഉപവാസം അവസാനിപ്പിച്ച് വിജിയെ സ്ഥലത്ത് നിന്നും മാറ്റിയെങ്കിലും നീതി ലഭിക്കും വരെ സമരം തുടരുമെന്ന് സമര സമിതിയും കുടുംബാംഗങ്ങളും പറഞ്ഞു.