ഹരികുമാറിന്‍റെ മരണം : ബാക്കിയാവുന്നത് ദുരൂഹതകൾ

Jaihind Webdesk
Tuesday, November 13, 2018

Murder-Neyyattinkara-DySP

നെയ്യാറ്റിൻകര സനൽ കുമാർ കൊലക്കേസിലെ പ്രതിയായ ഡി.വൈ.എസ്.പി ഹരകുമാറിന്‍റെ മരണം ബാക്കിവെയ്ക്കുന്നത് ദുരൂഹതകൾ മാത്രം. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഹരികുമാറിനെ തേടി അന്വേഷണസംഘം ഇതരസംസ്ഥാനങ്ങളിൽ തിരിച്ചിൽ നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ കല്ലമ്പലത്തെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്. ഹരികുമാർ അവിടെ എങ്ങനെ എപ്പോൾ എത്തിച്ചേർന്നു എന്നത് സംബന്ധിച്ച് പൊലീസ് വിശദീകരണം നൽകേണ്ടി വരും. ഇതരസംസ്ഥാനങ്ങളിൽ തിരിച്ചിൽ നടത്തുന്ന അന്വേഷണ സംഘം എന്തുകൊണ്ട് ഹരികുമാറിന്റെ കല്ലമ്പലത്തെ വീട് കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തിയില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്. ഹരികുമാറിനൊപ്പം ഒളിവിൽ പോയ കൂട്ടാളിയായ ബിനുവിനെ സംബന്ധിച്ചും പൊലീസിന് ഒരറിവും ഇതുവരെ ലഭിച്ചിട്ടില്ല. ഇയാൾ ഹരികുമാറിനൊപ്പം നകാട്ടിൽ എത്തിയിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല.

സി.പി.എമ്മിലെ ഉന്നത സ്ഥാനീയരായ നേതാക്കന്മാരുമായി ഹരികുമാറിനുള്ള ബന്ധം പരസ്യമാണ്. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണവും ശക്തമായിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ തള്ളിക്കളഞ്ഞ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഹരികുമാറുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ എന്നറിയാനും അന്വേഷണം ആവശ്യമാണ്. അന്വേഷണ സംഘത്തിന്റെ നിർദ്ദേശപ്രകാരമാണോ ഒളിവിലായിരുന്ന ഹരികുമാർ കല്ലമ്പലത്തെ കുടുംബവീട്ടിൽ എത്തിയതെന്നും തെളിയേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ ഹരികുമാർ എവിടെയുണ്ടെന്ന് വിവരം ലഭിച്ച അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്യാൻ കൂട്ടാക്കാതിരുന്നത് എന്തിനെന്ന സംശയവും നിലനിൽക്കുകയാണ്. കുറ്റകൃത്യത്തിൽ അകപ്പെട്ട ഉദ്യോഗസ്ഥനെ രക്ഷിക്കാൻ അന്വേഷണസംഘവും സി.പി.എമ്മിലെ ചിലരും പ്രവർത്തിച്ചുവെന്ന ആരോപണത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

നിലവിലെ സാഹചര്യത്തിൽ കേസ് അന്വേഷണത്തിന്റെ ഗതിയെതന്നെ ഹരികുമാറിന്റെ മരണം ബാധിക്കുന്ന അവസ്ഥയാണുള്ളത്. താൻ എവിടെയൊക്കെ ഒളിവിൽ കഴിഞ്ഞുവെന്നും ആരുടെയൊക്കെ സഹായം സ്വീകരിച്ചുവെന്നുമുള്ള കാര്യം ഹരികുമാർ ആരോടും വെളിപ്പെടുത്തിയിട്ടില്ല. ഹരികുമാറിന്റെ മരണം ആത്മഹത്യയാണെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് പൊലീസുള്ളത്. എന്നാൽ ആത്മഹത്യയ്ക്ക് മുമ്പ് കുറിപ്പൊന്നും തയ്യാറാക്കിയിട്ടുമില്ല. സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് ഹരികുമാറിനായി വലവിരിച്ച സാഹചര്യത്തിലാണ് കല്ലമ്പലത്തെ കുടുംബവീട്ടിലെത്തി ഹരികുമാർ ആത്മഹത്യ ചെയ്തിട്ടുള്ളത്.