സനലിന്‍റെ ഭാര്യ വിജിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി

Jaihind Webdesk
Friday, December 21, 2018

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്ന നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യ വിജിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. സനലിന് നീതി ആവശ്യപ്പെട്ട് കഴിഞ്ഞ 12 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹ സമരത്തിലായിരുന്നു വിജി. സമരപ്പന്തലിൽ കുഴഞ്ഞ് വീണ വിജിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സനല്‍ കുമാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായം ലഭ്യമാകാത്തതോടെയാണ് വിജിയും കുടുംബവും സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്.

സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്നും ജീവിക്കാന്‍ മറ്റ് സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ 12 ദിവസമായി വിജി സത്യഗ്രഹ സമരം നടത്തുകയായിരുന്നു. സര്‍ക്കാറിന്‍റെ ഭാഗത്തു നിന്ന് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

നവംബര്‍ അഞ്ചിനാണ് സനല്‍കുമാര്‍ കൊല്ലപ്പെട്ടത്. നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിന് മുന്നിലേക്ക് സനിലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. ഹരികുമാര്‍ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. 35 ലക്ഷത്തിന്‍റെ കടബാധ്യത കൊല്ലപ്പെട്ട സനിലുണ്ട്. ഇതിൻറെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സർക്കാരിന് നൽകിയിരുന്നു.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും വിജിയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാഞ്ഞതോടെ ന്ത്രി എം എം മണിയെ വിജി ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ തോന്ന്യാവസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്നായിരുന്നു മന്ത്രി എം എം മണിയുടെ നിലപാട്.