രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ നോര്‍ത്ത്, സൗത്ത് ബ്ലോക്ക് സമുച്ചയങ്ങളെ മ്യൂസിയമാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് പഴയ പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്നുള്ള ഈ കെട്ടിടങ്ങളെ പൊതു സാംസ്‌കാരിക സ്ഥാപനമായി വികസിപ്പിക്കുന്നതിനുള്ള അംഗീകാരം നല്‍കിയത്.
'യുഗേ യുഗീന്‍ ഭാരത് മ്യൂസിയം' എന്ന് പേരിട്ടിരിക്കുന്ന ഈ വന്‍കിട പദ്ധതിക്ക് ഏകദേശം 3,230 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളുടെ തനതായ വാസ്തുവിദ്യാ സവിശേഷതകള്‍ക്കും ചരിത്ര പ്രാധാന്യത്തിനും കോട്ടം തട്ടാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ നാഗരിക പൈതൃകവും ചരിത്രപരമായ തുടര്‍ച്ചയും വൈവിധ്യവും ലോകത്തിന് മുന്നില്‍ എടുത്തുകാണിക്കുന്ന പ്രധാനപ്പെട്ട ഒരു കേന്ദ്രമായി ഈ മ്യൂസിയം മാറും. പൈതൃകം സംരക്ഷിക്കുന്നതോടൊപ്പം ഇവ പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ സാംസ്‌കാരിക ഇടമായി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
'യുഗേ യുഗീന്‍ ഭാരത്' മ്യൂസിയം: പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍ മ്യൂസിയമാക്കുന്നു; 3,230 കോടിയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം