കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ 'തൊപ്പി' എന്നറിയപ്പെടുന്ന പ്രമുഖ യൂട്യൂബര്‍ മൂക്കത്തല നിഹാദിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തൊപ്പിക്കെതിരെ കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ എറണാകുളം റൂറല്‍ സൈബര്‍ പോലീസ്, ഐ.ടി ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തി എറണാകുളം സി.ജെ.എം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.
എന്നാല്‍, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് വിഷയത്തില്‍ തൊപ്പിയുടെ പ്രതികരണം. ഗെയിമിംഗ് ലൈവ് സ്ട്രീമിംഗിലൂടെ ലഭിച്ച വരുമാനം പങ്കുവെക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സുഹൃത്തുക്കള്‍ തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലിലേക്കും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലേക്കും നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കേസിനെത്തുടര്‍ന്ന് ഇയാളുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു.
അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചെന്ന മറ്റൊരു പരാതിയില്‍ തൊപ്പിയുടെ മുന്‍ കൂട്ടാളിയായ 'മമ്മു' എന്ന മുഹമ്മദ് മമ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 'Mrz Shameer' എന്ന യൂട്യൂബ് ചാനലിലൂടെ നടത്തിയ ലൈവ് സ്ട്രീമിംഗിനിടെ കടുത്ത അശ്ലീല-ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് കേസ്. പരാതിക്കാരിക്കെതിരെ തൊപ്പി മുന്‍പ് നടത്തിയ അശ്ലീല പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോയും ഓഡിയോയും ഉള്‍പ്പെടുത്തി ലൈവ് ചെയ്ത ഈ കേസിലും തൊപ്പി പ്രതിയാണ്.
അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്: യൂട്യൂബര്‍ തൊപ്പിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു