കൊച്ചി: യുവ സംവിധായകന് ബെൽരാജ് കളരിക്കലിനെ എറണാകുളത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന 'കാപ്പി സ്ക്വാഡ്' എന്ന പുതിയ സീരീസിന്റെ സംവിധായകനാണ് ബെൽരാജ്. ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായ 'കാപ്പി സ്ക്വാഡ്' വെള്ളിയാഴ്ച ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ദുരന്തവാർത്തയെത്തുന്നത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കളമശ്ശേരി സൺറൈസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മുൻപ് 'നിഴൽ', 'മധുരം', 'ഡാകിനി' തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളിൽ സഹ സംവിധായകനായി ബെൽരാജ് പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം മണിമല സ്വദേശിയായ ബെൽരാജ്, കളരിക്കൽ സുരേഷിന്റെയും സ്മിതയുടെയും മകനാണ്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. ആതിരയാണ് ഭാര്യ.
യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ;'കാപ്പി സ്ക്വാഡ്' എന്ന ആദ്യ സീരീസ് റിലീസ് ചെയ്തതിന് പിന്നാലെ വിയോഗം