ന്യൂഡല്‍ഹി: ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ശനിയാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തലവന്മാര്‍ക്കായി ഒരുക്കിയ അത്താഴവിരുന്നില്‍ നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് വിട്ടുനിന്നു. സ്വന്തം രാജ്യത്തേക്കു മടങ്ങിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദും വിരുന്നില്‍ പങ്കെടുത്തില്ല. ചൈനീസ് പ്രസിഡന്റ് വിട്ടുനിന്നതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും, യാത്രയുടെയും ചര്‍ച്ചകളുടെയും ക്ഷീണം കാരണം അദ്ദേഹം വിശ്രമിക്കാനായി ഹോട്ടലിലേക്കു മടങ്ങുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെത്തിയ ഷി ചിന്‍പിങ്, ബ്രിക്‌സ് സമ്മേളനത്തിലും തുടര്‍ന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന നിര്‍ണായക ഉഭയകക്ഷി കൂടിക്കാഴ്ചയിലും പങ്കാളിയായിരുന്നു. ചൈനീസ് പ്രസിഡന്റിന്റെ അഭാവത്തിലും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഉള്‍പ്പെടെയുള്ള മറ്റ് ബ്രിക്‌സ് രാജ്യങ്ങളിലെയും പങ്കാളിത്ത രാജ്യങ്ങളിലെയും പ്രമുഖ നേതാക്കള്‍ വിരുന്നില്‍ സജീവമായി പങ്കെടുത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാന്‍ തുടങ്ങിയ കേന്ദ്രമന്ത്രിമാരും വിരുന്നിനെത്തി. കൂടാതെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. പാര്‍ലമെന്റ് ഹൗസില്‍നിന്നു പ്രത്യേക ബസുകളിലാണ് കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും വിരുന്നിനായി ഭാരത് മണ്ഡപത്തിലേക്കു എത്തിയത്.
ഭാരതീയ തനിമ വിളിച്ചോതുന്നതായിരുന്നു വിരുന്നിലെ ഭക്ഷണ വിഭവങ്ങള്‍. പരമ്പരാഗത ഗുജറാത്തി പലഹാരമായ ഖാണ്ട്വിയും ഫ്രഞ്ച് പലഹാരമായ മില്ലെ-ഫ്യൂഷെയും തമ്മില്‍ സമന്വയിപ്പിച്ചുണ്ടാക്കിയ ഖാണ്ട്വി മില്ലെ-ഫ്യൂഷെ, ഖുംബ് ഗലൂട്ടി, പനീര്‍ ലബാബ്ദാര്‍, ഗുച്ചി മാര്‍മിക്, ക്യാരറ്റ്-ബീന്‍സ് പൊരിയല്‍, മില്ലറ്റ് പുലാവ് എന്നിവയായിരുന്നു പ്രധാന വിഭവങ്ങള്‍. മധുരപലഹാരങ്ങളായി ഓള്‍ഡ് ഡല്‍ഹി ഫ്രൂട്ട് ക്രീം വിത്ത് ജിലേബി, ഷാഹ്തൂത് ഫിര്‍നി എന്നിവയും അതിഥികള്‍ക്കായി വിളമ്പി.
ചര്‍ച്ചകള്‍ക്ക് ശേഷം മടങ്ങി; നരേന്ദ്ര മോദി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാതെ ഷി ചിന്‍പിങ്