തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച ധനസഹായം നാല് മാസമായി ലഭിക്കാത്തതിനെത്തുടർന്ന് ബുദ്ധിമുട്ടിലായ വിനോദിനിയുടെ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തരമായി ഇടപെട്ടു. വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി, കുടിശികയുൾപ്പെടെയുള്ള തുക അടിയന്തരമായി വിതരണം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകി.
വനിത ശിശുക്ഷേമ വകുപ്പിന്റെ സ്‌പോൺസർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിനോദിനിക്ക് ധനസഹായം നൽകിവന്നിരുന്നത്. കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിതെങ്കിലും, പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ഫണ്ട് ലഭ്യതയിൽ തടസ്സമുണ്ടായതായി വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടർ മുഖ്യമന്ത്രിയെ അറിയിച്ചു. നിലവിൽ ലഭ്യമായ മറ്റ് ഫണ്ടുകൾ ഉപയോഗിച്ച് കുടിശിക ഉടൻ തന്നെ തീർപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ധനസഹായം മുടങ്ങാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കാൻ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് മുഖ്യമന്ത്രി നിർദേശം നൽകി.