തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങള്‍ക്ക് പൂര്‍ണത കുറിച്ചുകൊണ്ട് ഇന്ന് വിജയദശമി. അറിവിന്റെയും വിദ്യയുടെയും ലോകത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകള്‍ക്കായി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുന്നു. പുലര്‍ച്ചെ മുതല്‍ തന്നെ ആയിരക്കണക്കിന് ഭക്തരാണ് കുരുന്നുകളുമായി ആദ്യാക്ഷരം കുറിക്കാനായി വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുന്നത്.
വിദ്യാദേവതയായ മൂകാംബികയുടെ സന്നിധാനമായ കൊല്ലൂരില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വിജയദശമി ദിനത്തിലെ വലിയ ഭക്തജനത്തിരക്ക് പരിഗണിച്ച് ഇത്തവണ പതിവ് സരസ്വതി മണ്ഡപത്തിനു പകരം മഹാചണ്ഡികായാഗം നടക്കുന്ന വിശുദ്ധമായ യാഗശാലയിലാണ് പ്രധാന വിദ്യാരംഭ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി റെഗുലേറ്ററി കമ്മിറ്റിയും ക്ഷേത്ര ഭരണസമിതിയും വിപുലമായ സൗകര്യങ്ങളാണ് കൊല്ലൂരില്‍ ഒരുക്കിയിരിക്കുന്നത്. യാഗശാലയ്ക്ക് അകത്തും പുറത്തുമായി പ്രമുഖ ആചാര്യന്മാരുടെ നേതൃത്വത്തിലാണ് എഴുത്തിനിരുത്ത് പുരോഗമിക്കുന്നത്.
കേരളത്തിലെ പ്രമുഖ സരസ്വതി ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിന് പുലര്‍ച്ചെ തന്നെ തുടക്കമായി. വര്‍ഷത്തില്‍ ഏതു ദിവസവും വിദ്യാരംഭം നടത്താവുന്ന പ്രശസ്തമായ വടക്കന്‍ പറവൂര്‍ മൂകാംബികാ ക്ഷേത്രത്തിലും തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതുകൂടാതെ ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരുവനന്തപുരം ഐരാണിമുട്ടം, തുഞ്ചന്‍ സ്മാരകം, വൈലോപ്പിള്ളി സംസ്കൃതി ഭവന് തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ ഇന്ന് അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.
ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുന്നു