ലണ്ടൻ: ബ്രിട്ടനിലെ പ്രശസ്തമായ സിൽവർസ്റ്റോൺ ട്രാക്കിൽ നടന്ന മിഷെലിൻ ലെ മാൻസ് കപ്പ് കാർ റേസിംഗ് മത്സരം ഫ്ലാഗ് ഓഫ് ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രശസ്ത നടനുമായ വിജയ്. 44 കാറുകൾ അണിനിരന്ന ഗ്രിഡിനാണ് വിജയ് പച്ചക്കൊടി വീശിയത്. നടനും മോട്ടോർസ്‌പോർട്ട് താരവുമായ അജിത് കുമാറും മത്സരത്തിനിറങ്ങി എന്നതായിരുന്നു പ്രധാന സവിശേഷത. 'റെഡ് ആന്റ് ബൈ വിരാജ്' ടീമിനായി എൽ.എം.പി3 പ്രോ-ആം വിഭാഗത്തിൽ അഞ്ചാം റൗണ്ടിലാണ് അജിത് മത്സരിച്ചത്. ഫ്രഞ്ച് ഡ്രൈവർ റൊമെയ്ൻ വോസ്നിയാക്കിയും അജിത്തിനൊപ്പമുണ്ടായിരുന്നു. മുൻ ഫോർമുല വൺ താരം നരേൻ കാർത്തികേയൻ, ആദിത്യ പട്ടേൽ എന്നിവരുൾപ്പെട്ട ഇന്ത്യൻ സംഘവും മത്സരത്തിൽ പങ്കെടുത്തു.
ആവേശം നിറഞ്ഞ മത്സരത്തിൽ സ്റ്റീവ് പാരോയും മൈക്കൽ പെഡേഴ്സണും അടങ്ങിയ എ.എൻ.എസ് മോട്ടോർസ്പോർട്ട് ടീം ഒന്നാമതെത്തി. എട്ടാമതായി യോഗ്യത നേടിയിരുന്നെങ്കിലും മത്സരത്തിൽ തിളങ്ങാൻ അജിത്-വോസ്നിയാക്കി സഖ്യത്തിന് സാധിച്ചില്ല. ഇരുവരും 38-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മത്സരത്തിന് തൊട്ടുമുമ്പ് ട്രാക്കിൽ അജിത്തും വിജയ്യും തമ്മിൽ പരസ്പരം ആലിംഗനം ചെയ്യുകയും സൗഹൃദം പങ്കിടുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. അജിതിന്റെ ടീമിനൊപ്പം വിജയ് ഫോട്ടോയ്ക്കും പോസ് ചെയ്തു. നടിമാരായ തൃഷ, രാധിക ശരത് കുമാർ, മന്ത്രി ആദവ് അർജുന എന്നിവരും മത്സരം നേരിട്ട് കാണാൻ എത്തിയിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയ രാധികയും തൃഷയും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ച് അജിത്തിന് ആശംസകൾ നേർന്നിരുന്നു.