സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇളവുകള്‍ നടപ്പാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ വേഗത്തിലാക്കി. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും ശാസ്ത്രീയ പഠനം ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഇത് അടുത്ത മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. വാഹനങ്ങളില്‍ ഏതൊക്കെ തരത്തിലുള്ള മോഡിഫിക്കേഷനുകള്‍ അനുവദിക്കാം എന്നത് പ്രത്യേകം തരംതിരിച്ച് വ്യക്തമാക്കുന്നതാകും ഈ റിപ്പോര്‍ട്ട്. റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുമാത്രമേ ഇളവുകള്‍ അനുവദിക്കൂ.
അതേസമയം, കേന്ദ്ര മോട്ടോര്‍ വാഹന നിയമവും സുപ്രീംകോടതി വിധിയും ഈ നീക്കത്തിന് വലിയ വെല്ലുവിളിയാണ്. എന്നാല്‍ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തു മാത്രമേ വാഹന മോഡിഫിക്കേഷനുമായി മുന്നോട്ട് പോകൂവെന്ന് നേരത്തെ വിഡി സര്‍ക്കാര്‍ ഉറപ്പുകൊടുത്തിരുന്നു. വാഹന നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിട്ടുള്ള ഘടനയ്ക്ക് അപ്പുറമുള്ള രൂപമാറ്റം വാഹനങ്ങളില്‍ അനുവദിക്കില്ലെന്നാണ് 1988-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 52-ാം വകുപ്പില്‍ വ്യക്തമാക്കുന്നത്.
വാഹന മോഡിഫിക്കേഷന്‍ തടഞ്ഞുകൊണ്ടുള്ള 2006-ലെ ഉത്തരവിനെതിരെ മുന്‍പ് ഹൈക്കോടതി അനുകൂല ഉത്തരവിറക്കിയിരുന്നുവെങ്കിലും, 2019-ല്‍ സുപ്രീംകോടതി ഈ ഉത്തരവ് റദ്ദാക്കുകയും മോഡിഫിക്കേഷന്‍ പൂര്‍ണ്ണമായി വിലക്കിക്കൊണ്ട് ഉത്തരവിടുകയുമായിരുന്നു. ഈ നിയമപരമായ തടസ്സങ്ങള്‍ എങ്ങനെ മറികടക്കാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ പരിശോധിക്കുന്നത്.