സർക്കാർ ചെലവിൽ മന്ത്രിയുടെ അസഹിഷ്ണുത; ആന്റോ ആന്റണി എം.പിയെ ഒഴിവാക്കാൻ ഫ്ലെക്സുകൾ മാറ്റി; കോഴഞ്ചേരിയിൽ യുഡിഎഫ് പ്രതിഷേധം
Jaihind TV News Report
Jaihind TV Web Desk
February 23, 2026
1 min read
•
Updated: June 03, 2026
കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടോദ്ഘാടനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ രാഷ്ട്രീയ അസഹിഷ്ണുതയും ധിക്കാരപരമായ നടപടികളും ചർച്ചയാകുന്നു. പരിപാടിയുടെ ഭാഗമായി ആദ്യം സ്ഥാപിച്ച ഫ്ലെക്സുകളിൽ നിന്ന് പത്തനംതിട്ട എം.പി ആന്റോ ആന്റണിയെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയിയെയും മനഃപൂർവ്വം ഒഴിവാക്കിയ നടപടിക്കെതിരെ യുഡിഎഫ് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പത്തനം തിട്ട എംപി ആൻഡ് ആൻറണിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെട്ട ഔദ്യോഗിക ഫ്ലെക്സുകളാണ് നഗരത്തിൽ സ്ഥാപിച്ചിരുന്നത്. എന്നാൽ, ആരോഗ്യ മന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശം വന്നതോടെ ഈ ഫ്ലെക്സുകളെല്ലാം നീക്കം ചെയ്യുകയും യുഡിഎഫ് ജനപ്രതിനിധികളെ പൂർണ്ണമായും ഒഴിവാക്കി മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ചിത്രങ്ങൾ മാത്രം ഉൾപ്പെടുത്തി പുതിയവ സ്ഥാപിക്കുകയുമായിരുന്നു.
സർക്കാർ ഫണ്ട് ഉപയോഗിച്ച് അച്ചടിച്ച ആയിരക്കണക്കിന് രൂപയുടെ ഫ്ലെക്സുകളാണ് മന്ത്രിയുടെ തന്നിഷ്ടപ്രകാരം മാറ്റിയത്. വികസന നേട്ടങ്ങൾക്കായി വിനിയോഗിക്കേണ്ട തുക സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ധൂർത്തടിക്കുകയാണെന്നാണ് ആക്ഷേപം. പത്തനംതിട്ട നഗരത്തിലെ അബാൻ മേൽപ്പാലം ഉൾപ്പെടെയുള്ള പദ്ധതികളിലെ അപാകതകൾ ചൂണ്ടിക്കാട്ടി യുഡിഎഫും യൂത്ത് കോൺഗ്രസും ഉയർത്തിയ ശക്തമായ പ്രതിഷേധങ്ങളിൽ മന്ത്രി നേരിട്ട നാണക്കേട് മറയ്ക്കാനാണ് ഇത്തരം തരംതാഴ്ന്ന നടപടികളിലൂടെ ശ്രമിക്കുന്നതെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു.
പത്തു വർഷമായി ഇഴഞ്ഞുനീങ്ങുന്ന ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം, മാർച്ച് മാസത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്ന ഭയത്താലാണ് ഇപ്പോൾ തിരക്കിട്ട് പൂർത്തിയാക്കുന്നത്. പണി പൂർത്തിയാകാത്ത കെട്ടിടം തട്ടിക്കൂട്ടി ഉദ്ഘാടനം ചെയ്ത് ജനങ്ങളെ വഞ്ചിക്കാനാണ് സർക്കാർ ശ്രമം. ഇതിന്റെ ഭാഗമായാണ് കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിനെ പോലും ചടങ്ങുകളിൽ നിന്ന് തഴയുന്നത്. സ്വാഗതസംഘം രൂപീകരണത്തിലും നോട്ടീസ് അച്ചടിയിലും ഇതേ രാഷ്ട്രീയ വിവേചനം തുടരുന്നതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് അറിയിച്ചു.
മന്ത്രിയുടെ ഈ ജനാധിപത്യവിരുദ്ധമായ നടപടി പത്തനംതിട്ടയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, വികസന പദ്ധതികളിൽ നിന്ന് ജനപ്രതിനിധികളെ രാഷ്ട്രീയ കാരണങ്ങളാൽ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10