ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല എം. അബു ഷാവേഷുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ കേരള ഹൗസിൽ വെച്ച് നടന്ന ചർച്ചയുടെ വിവരങ്ങൾ മുഖ്യമന്ത്രി തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. മുസ്ലിം ലീഗ് എം.പി. അഡ്വ. ഹാരിസ് ബീരാനും കൂടിക്കാഴ്ചയിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.
മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് അംബാസഡർ അബ്ദുല്ല എം. അബു ഷാവേഷ് പ്രതികരിച്ചു. ഇന്ത്യയും ഫലസ്തീനും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന ആഴമേറിയ ചരിത്രബന്ധങ്ങളെക്കുറിച്ചും സഹകരണത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. ഇന്ത്യയിലെ ജനങ്ങളും പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങളും ഫലസ്തീൻ ജനതയ്ക്ക് നൽകിവരുന്ന ശക്തമായ പിന്തുണയും അചഞ്ചലമായ ഐക്യദാർഢ്യവും കൂടിക്കാഴ്ചയിൽ വീണ്ടും വ്യക്തമാക്കപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ; പിന്തുണയും ഐക്യദാർഢ്യവും ആവർത്തിച്ച് കേരളം