തിരുവനന്തപുരം: വിമാനയാത്രയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിമാനയാത്രകള്‍ക്കായി സര്‍ക്കാരിന്റെയോ ദുരന്തനിവാരണ ഫണ്ടില്‍ നിന്നോ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സുഹൃത്തുക്കളാണ് യാത്രയ്ക്കുള്ള സൗകര്യമൊരുക്കിയതെന്നും അറിയിച്ചു.
യാത്രയ്ക്കായി സുഹൃത്താണ് സൗകര്യമൊരുക്കിയത്. യാത്രാസൗകര്യം ഒരുക്കി നല്‍കുന്നവര്‍ സര്‍ക്കാരില്‍ നിന്ന് ഔദാര്യം പറ്റാന്‍ വരുന്നവരല്ല. മുന്‍ മുഖ്യമന്ത്രിമാരും ഇത്തരം യാത്രാസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സിപിഎം ഭരണകാലത്തും ഇത്തരത്തില്‍ യാത്രകള്‍ നടന്നിട്ടുണ്ടെന്നും ഇതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. ഇനിയും ആരെങ്കിലും സഹായിക്കാന്‍ തയ്യാറായാല്‍ അത്തരം സൗകര്യങ്ങള്‍ സ്വീകരിച്ച് യാത്ര ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ മലപ്പുറത്ത് അപകടം സംഭവിച്ച സമയത്ത് അടിയന്തരമായി എത്തേണ്ടി വന്നപ്പോഴാണ് ഹെലികോപ്റ്റര്‍ യാത്ര നടത്തിയത്. എന്നാല്‍ അതിനെയും ചിലര്‍ വിവാദമാക്കുകയായിരുന്നു. ദുരന്തനിവാരണ ഫണ്ട് പാവപ്പെട്ട ജനങ്ങളെ സഹായിക്കാനുള്ളതാണെന്നും അത് മുഖ്യമന്ത്രിക്ക് വിമാനയാത്ര ചെയ്യാനുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണപരമായ ചെലവുകള്‍ ചുരുക്കാനും ദുരന്തനിവാരണ ഫണ്ടിലെ പണം ലാഭിക്കാനും കഴിഞ്ഞതുകൊണ്ടാണ് മഴക്കെടുതിയില്‍ മരണപ്പെട്ട 10 പേരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെലവുകള്‍ പരമാവധി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡല്‍ഹി സന്ദര്‍ശന വേളകളില്‍ ആരെയും കൂട്ടാതെ യാത്ര ചെയ്യുന്ന ഇന്ത്യയിലെ ഒരേയൊരു മുഖ്യമന്ത്രി താനാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരുടെ വിദേശയാത്രകളെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. മന്ത്രിമാര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയത് താന്‍ കൂടി ഉള്‍പ്പെടുന്ന സമിതിയാണെന്നും, വിദേശത്ത് പോയി അവിടുത്തെ കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കുന്നതില്‍ എന്താണ് തെറ്റെന്നും അത് എങ്ങനെ വലിയ കുറ്റമാകുമെന്നും അദ്ദേഹം ചോദിച്ചു.
വിമാന യാത്ര നടത്തിയത് പരസ്യമായി; ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്ന് ചെലവായിട്ടില്ല: മുഖ്യമന്ത്രി വിഡി സതീശൻ