അബുദാബി: അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ഇറാനിയന്‍ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ക്ക് യു.എ.ഇ. വിലക്കേര്‍പ്പെടുത്തി. യു.എ.ഇയില്‍ നിന്ന് ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ ഇറാനിയന്‍ ഏവിയേഷന്‍ സര്‍വീസുകളും അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
ഇറാനിയന്‍ എയര്‍ലൈനുകള്‍ ലോകത്തെ മറ്റ് വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള യു.എസ് ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് യു.എ.ഇയും കടുത്ത തീരുമാനത്തിലേക്ക് കടന്നത്. പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കെ, ഇറാനുമേലുള്ള സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വാം' വഴിയാണ് അതോറിറ്റി സര്‍വീസ് നിരോധന ഉത്തരവ് പുറത്തുവിട്ടത്.
യു.എ.ഇയുടെ വാണിജ്യ തലസ്ഥാനമായ ദുബായ് അടക്കമുള്ള നഗരങ്ങള്‍ ഇറാനിയന്‍ വിമാനക്കമ്പനികളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. വ്യാപാരാവശ്യങ്ങള്ക്കായും മറ്റും വന്‍തോതില്‍ ഇറാനിയന്‍ പൗരന്മാര് യു.എ.ഇയില്‍ കഴിയുന്നുണ്ട്. വിലക്ക് നിലവില്‍ വന്നതോടെ മേഖലയിലെ വിമാന സര്‍വീസുകള്‍ കടുത്ത പ്രതിസന്ധിയിലാകും. ഔദ്യോഗിക വിവരങ്ങള്‍ മാത്രം പൊതുജനങ്ങള്‍ പിന്തുടരണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അഭ്യര്‍ഥിച്ചു.
അമേരിക്കന്‍ ഉപരോധം: ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ; സര്‍വീസുകള്‍ നിര്‍ത്തിവെച്ചു