'യഥാര്‍ത്ഥ വര്‍ഗവഞ്ചകന്‍ ആരെന്ന് ജനങ്ങള്‍ക്കറിയാം, പാര്‍ലമെന്ററി വ്യാമോഹം സിപിഎമ്മിനകത്ത്'; എം.വി. ഗോവിന്ദന് മറുപടിയുമായി ടി കെ ഗോവിന്ദൻ
കണ്ണൂര്‍: സിപിഎം വിമതര്‍ 'വര്‍ഗവഞ്ചകരാണെന്ന' പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമര്‍ശത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി തളിപ്പറമ്പ് എം.എല്‍.എ. ടി.കെ. ഗോവിന്ദന്‍. ആരാണ് യഥാര്‍ത്ഥ വര്‍ഗവഞ്ചകന്‍ എന്നും ആര്‍ക്കാണ് അധികാരമോഹമെന്നും ജനങ്ങള്‍ ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞതായും, പാര്‍ലമെന്ററി വ്യാമോഹം സിപിഎമ്മിനകത്താണ് കൊടികുത്തി വാഴുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മൂന്ന് തവണ എം.എല്‍.എ ആയ ഒരാള്‍ നാലാമത്തെ തവണ തന്റെ ഭാര്യ എം.എല്‍.എ ആകണമെന്ന് പറയുന്നതാണോ, അതോ അതിനെ എതിര്‍ത്തതാണോ അധികാരമോഹമെന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ എന്ന് അദ്ദേഹം ചോദിച്ചു. നിരവധി തവണ എം.എല്‍.എയും മന്ത്രിയുമായവര്‍ വിട്ടുകൊടുക്കാതെ വീണ്ടും മത്സരിക്കുകയാണ്. പേരാമ്പ്രയില്‍ ടി.പി. രാമകൃഷ്ണനെ 22 വയസ്സുള്ള ഒരു കുട്ടി തോല്‍പ്പിച്ചത് നിങ്ങളെ വേണ്ടെന്ന് ജനങ്ങള്‍ പറഞ്ഞതുകൊണ്ടാണ്. ഇത് മനസ്സിലാക്കാന്‍ എം.വി. ഗോവിന്ദന്‍ തയ്യാറാകണമെന്നും ടി.കെ. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയെ തെറ്റായ രീതിയില്‍ നയിക്കുകയും പാര്‍ട്ടി ഘടകങ്ങള്‍ അംഗീകരിക്കാത്ത സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത വര്‍ഗവഞ്ചകന്‍ നിങ്ങളാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കണമെന്നും, ഞങ്ങളെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ നോക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കെ. സുധാകരന്‍, ടി.കെ. ഗോവിന്ദന്‍, വി. കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ നിലപാടുകള്‍ പാര്‍ട്ടിയെ ചതിക്കുന്നതാണെന്നും തെറ്റുതിരുത്തിയാല്‍ തിരിച്ചെടുക്കുമെന്നുമുള്ള എം.വി. ഗോവിന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.