മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ് ഏജന്റ് അനില്‍ പണ്ഡിറ്റും ഷൂട്ടര്‍മാരും തമ്മില്‍ ബന്ധപ്പെടാന്‍ സൗകര്യമൊരുക്കിയ സമീര്‍ എന്നയാളെ ഹരിയാനയിലെ സോണിപ്പത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായവരുടെ എണ്ണം ആറായി.
തിങ്കളാഴ്ച രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് പിടിയിലായ മുഖ്യ ഷൂട്ടര്‍മാരായ ഫൂല്‍ സിംഗ്, റെഹാന്‍, ഋതിക് കുമാര്‍ എന്നിവര്‍ക്ക് പുറമെ മറ്റ് രണ്ടുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിലൊരാളെ മഹാരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയത്. കടുത്ത സുരക്ഷയില്‍ കോട്ട റെയില്‍വേ കോളനി പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുന്ന മൂന്ന് ഷൂട്ടര്‍മാരെയും കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇന്ന് മുംബൈയിലേക്ക് കൊണ്ടുവരും.
പണം തട്ടിയത് 'ജഗ്ഗി' ആപ്പ് വഴി; ആയുധങ്ങള്‍ നല്‍കിയത് ചവറ്റുകുട്ടയ്ക്ക് സമീപം
പ്രതികളില്‍ ഒരാളായ റെഹാനെ 35,000 രൂപയും വിദേശത്ത് സ്ഥിരതാമസമാക്കാമെന്ന വ്യാജ വാഗ്ദാനവും നല്‍കിയാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. ആംസ് ആക്ട് പ്രകാരവും മോഷണത്തിനും ഇയാള്‍ക്കെതിരെ മുന്‍പും കേസുകളുണ്ട്. നേരത്തെ അമൃത്സറില്‍ ഒരു വ്യവസായിയെ വെടിവെച്ച് കൊലപ്പെടുത്താന്‍ റെഹാനും ഫൂല്‍ സിംഗും ശ്രമിച്ചിരുന്നെങ്കിലും പിസ്റ്റള്‍ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി മുംബൈയില്‍ കഴിഞ്ഞിരുന്ന ഇരുവരെയും നഗരത്തിലെ വഴികള്‍ നന്നായി അറിയാവുന്ന ഋതികിന് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു.
പ്രതികള്‍ക്ക് ചെലവഴിക്കാന്‍ അനില്‍ പണ്ഡിറ്റ് ഓണ്‍ ലൈന്‍ വഴിയാണ് പണം അയച്ചു നല്‍കിയിരുന്നത്. തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമില്ലാത്ത 'ജഗ്ഗി' (Jaggi) എന്ന ആപ്പ് വഴിയായിരുന്നു ഇവരുടെ ആശയവിനിമയം. പ്രതികള്‍ക്ക് ആയുധങ്ങള്‍ നേരിട്ടല്ല കൈമാറിയത്. ചവറ്റുകുട്ടയ്ക്ക് സമീപം വെച്ചിട്ടുണ്ടെന്നും അവിടെ നിന്ന് എടുത്തുകൊള്ളാനും സന്ദേശം അയക്കുകയായിരുന്നു. പുതിയതായി അറസ്റ്റിലായ സമീറിന് മുംബൈയിലെ ചിലരുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ആരാണ് അനില്‍ പണ്ഡിറ്റ്?
അമേരിക്കയിലും കാനഡയിലും ഇരുന്ന് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന അനില്‍ പണ്ഡിറ്റിന് ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് സംശയം. തിങ്കളാഴ്ച പുറത്തുവന്ന ഒരു ഓഡിയോ ക്ലിപ്പില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം അനില്‍ പണ്ഡിറ്റ് ഏറ്റെടുക്കുകയും, നടന്‍ സല്‍മാന്‍ ഖാനുമായി ബന്ധമുള്ളവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സല്‍മാന്‍ ഖാനൊപ്പം പ്രവര്‍ത്തിക്കരുതെന്ന് ടൈഗര്‍ ഷ്രോഫിന് മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി അവകാശപ്പെട്ട പണ്ഡിറ്റ്, പ്രശസ്തിക്ക് വേണ്ടി ബിഷ്‌ണോയ് ഗ്യാങ്ങിനെതിരെ സംസാരിക്കുന്നവര്‍ക്ക് 'സബ്കാ നമ്പര്‍ ആയേഗാ' (എല്ലാവരുടെയും ഊഴം വരും) എന്ന് മുന്നറിയിപ്പും നല്‍കി. ഡല്‍ഹി അടക്കമുള്ള പ്രദേശങ്ങളില്‍ നിരവധി കവര്‍ച്ച, വെടിവെപ്പ് കേസുകളില്‍ പ്രതിയായ അനില്‍ പണ്ഡിറ്റിന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോയുടെയും സോഷ്യല്‍ മീഡിയ പോസ്റ്റിന്റെയും സത്യാവസ്ഥ പൊലീസ് പരിശോധിച്ച് വരികയാണ്.
ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: ഹരിയാനയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായവരുടെ എണ്ണം ആറായി