സംസ്ഥാനത്തെ ലഹരി ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കൂടുതൽ ഫലപ്രദമായി നേരിടുന്നതിനായി കേരള പോലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പദ്ധതിക്ക് തുടക്കമായി. ഇനി മുതൽ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു 'തൂഫാൻ മെന്റർ' ഉണ്ടാകുമെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. വരുംതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുക എന്ന ധാർമികമായ ഉത്തരവാദിത്തമാണ് ഓരോ തൂഫാൻ മെന്റർക്കും ഉള്ളതെന്നും, ലഹരിക്കെതിരെയുള്ള ഈ കൊടുങ്കാറ്റ് പ്രസ്ഥാനത്തിൽ നിരവധി കുടുംബങ്ങളാണ് ആശ്വാസം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ചടങ്ങിൽ അമൃതവിശ്വവിദ്യാപീഠം പ്രസിഡന്റ് സ്വാമി അമൃതസ്വരൂപാനന്ദ പുരി അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ, എ.ഡി.ജി.പി പി. വിജയൻ, ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ, അമൃത ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ, ഫ്ലവേഴ്സ് ഗ്രൂപ്പ് എം.ഡി ശ്രീകണ്ഠൻ നായർ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള 473 പോലീസ് ഉദ്യോഗസ്ഥരാണ് ശാസ്ത്രീയ പരിശീലനം പൂർത്തിയാക്കിയത്. ചടങ്ങിൽ 'തൂഫാൻ തമ്പി' പദ്ധതിയുടെ അവതരണവും അമൃത സ്കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ കെ.പി, ഡോ. സി. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.