ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പോലീസ് വിട്ടയച്ചു. മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ നിന്നാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. രാവിലെ 10.30-ഓടെ കസ്റ്റഡിയിലെടുത്ത പിണറായിയെ എട്ട് മണിക്കൂറിലധികം നീണ്ട നടപടികൾക്ക് ശേഷമാണ് വിട്ടയച്ചത്.
കസ്റ്റഡിയിലെടുത്ത ശേഷം മൂന്നര മണിക്കൂറോളം തന്നെ വാഹനത്തിൽ വട്ടംകറക്കിയെന്ന് പുറത്തിറങ്ങിയതിന് പിന്നാലെ പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വിചിത്രമായ നടപടികളാണ് പൊലീസ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത ശേഷം മണിക്കൂറുകളോളം വാഹനത്തിൽ വട്ടംകറക്കിയതിനെ തുടർന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായി കൂടെയുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. അദ്ദേഹത്തിന്റെ ഭക്ഷണവും മരുന്നും മുടങ്ങിയെന്നും പ്രായമായ ഒരു നേതാവിനോട് തികച്ചും മോശമായ പെരുമാറ്റമാണ് ഡല്‍ഹി പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ കസ്റ്റഡി വിഷയത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശന് അടിയന്തര ഇടപെടല്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ ഉടനെ തന്നെ വിട്ടയക്കുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണർ കേരള ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.