ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലെ വിദ്യാർഥികളുടെ പ്രതിമാസ ഭക്ഷണ അലവൻസ് സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചു. പിന്നാക്ക, ഏറ്റവും പിന്നാക്ക, ന്യൂനപക്ഷ ക്ഷേമ വകുപ്പുകൾക്ക് കീഴിലുള്ള ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്കാണ് ഈ തുക ലഭിക്കുക. പരിഷ്കരിച്ച നിരക്ക് പ്രകാരം സ്കൂൾ വിദ്യാർഥികൾക്ക് പ്രതിമാസം 1,800 രൂപയും (മുമ്പ് 1,400 രൂപ), കോളേജ് വിദ്യാർഥികൾക്ക് പ്രതിമാസം 2,000 രൂപയും (മുമ്പ് 1,500 രൂപ) ലഭിക്കും. സ്കൂൾ വിദ്യാർത്ഥികൾക്ക് 400 രൂപയുടെയും കോളേജ് വിദ്യാർത്ഥികൾക്ക് 500 രൂപയുടെയും വർധനയാണ് വരുത്തിയിട്ടുള്ളത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം പ്രവർത്തിക്കുന്ന 1,363 ഹോസ്റ്റലുകളിലെ അന്തേവാസികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സാമ്പത്തിക പ്രയാസങ്ങൾ കാരണം വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാൻ ഈ ഹോസ്റ്റലുകൾ വഴി സൗജന്യ താമസവും ദിവസവും മൂന്ന് നേരത്തെ ഭക്ഷണവും നൽകിവരുന്നുണ്ട്. അക്കാദമിക് വർഷത്തിലെ 10 മാസത്തേക്കാണ് അലവൻസ് തുക അനുവദിക്കുന്നത്.
നിത്യോപയോഗ സാധനങ്ങൾ, പാചക എണ്ണ, പലവ്യഞ്ജനങ്ങൾ, പാൽ, ഇറച്ചി, മുട്ട, പച്ചക്കറികൾ, പാചകവാതകം എന്നിവയുടെ വിലവർധന കണക്കിലെടുത്താണ് അലവൻസ് ഉയർത്താൻ സർക്കാർ തീരുമാനിച്ചത്. പദ്ധതി നടപ്പിലാക്കുന്നതിനായി 19.51 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. മുൻപ് അനുവദിച്ചിരുന്ന തുക കുട്ടികളുടെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തമായിരുന്നു എന്ന ഹോസ്റ്റൽ വാർഡന്മാരുടെ പരാതിക്കും ഇതോടെ പരിഹാരമാകും.
2017 ജൂണിൽ സ്കൂൾ വിദ്യാർഥികൾക്ക് 900 രൂപയും കോളേജ് വിദ്യാർഥികൾക്ക് 1,000 രൂപയുമായി ഉയർത്തിയ അലവൻസ്, 2023 ഒക്ടോബറിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യഥാക്രമം 1,400 രൂപയും 1,500 രൂപയുമായി വർദ്ധിപ്പിച്ചിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ വീണ്ടും വർധനവ് വരുത്തിയിരിക്കുന്നത്.
തമിഴ്‌നാട്ടിൽ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ ഭക്ഷണ അലവൻസ് വർദ്ധിപ്പിച്ചു; പ്രതിമാസം 2,000 രൂപ വരെ ലഭിക്കും