ചെന്നൈ: ദീപാവലി ആഘോഷങ്ങള്‍ക്കിടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നത് ഞെട്ടിക്കുന്ന ഒന്‍പത് കൊലപാതകങ്ങള്‍. തിരുച്ചിറപ്പള്ളിയില്‍ മൂന്നും ശിവഗംഗയില്‍ രണ്ടും ചെന്നൈ, പെരമ്പല്ലൂര്‍, കടലൂര്‍, തേനി എന്നിവിടങ്ങളില്‍ ഓരോ കൊലപാതകങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലപ്പെട്ടവരില്‍ 17 വയസ്സുള്ള രണ്ട് കൗമാരക്കാരും 20-കാരനും ഉള്‍പ്പെടുന്നു.
തിരുച്ചിറപ്പള്ളി സമയപുരം സ്വദേശികളായ രാഹുല്‍ (17), ആര്‍. വിശാല്‍ (17) എന്നിവരെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ധനലക്ഷ്മി ശ്രീനിവാസന്‍ സര്‍വകലാശാല ക്യാമ്പസിന് സമീപമുള്ള കനാലിനടുത്തുവെച്ചാണ് മാരകായുധങ്ങളുമായെത്തിയ സംഘം ഇവരെ ആക്രമിച്ചത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പ്രതികള്‍ക്കായി മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും എസ്.പി ഡോംഗരെ പ്രവീണ്‍ ഉമേഷ് അറിയിച്ചു. തിരുച്ചിറപ്പള്ളിയിലെ തന്നെ പുരത്തുകുടിയില്‍ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ക്രിസ്റ്റഫര്‍ (20) എന്ന യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു.
തേനിയില്‍ റോഡ് തടഞ്ഞ് ദീപാവലി റീല്‍സ് ചിത്രീകരിക്കുന്നത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ അക്രമികള്‍ തല്ലിക്കൊന്നു. കടലൂരിലും ശിവഗംഗയിലും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്നാണ് കൊലപാതകങ്ങള്‍ നടന്നത്. തമിഴ്നാട്ടില്‍ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയില്‍ മുഖ്യമന്ത്രി കണ്ണ് തുറക്കണമെന്ന് ഡി.എം.കെയും ആവശ്യപ്പെട്ടു.
ദീപാവലി രാത്രിയില്‍ തമിഴ്നാട്ടില്‍ ചോരപ്പുഴ: 9 കൊലപാതകങ്ങള്‍; കൗമാരക്കാരടക്കം കൊല്ലപ്പെട്ടു, പോലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു