സൂപ്പർ ലീഗ് കേരളയിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സിനെ തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് വിജയം നേടി. ആവേശകരമായ പോരാട്ടത്തിൽ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് കൊമ്പൻസ് വിജയം കൈപ്പിടിയിലാക്കിയത്.
മത്സരത്തിന്റെ 43-ാം മിനിറ്റിൽ മികച്ചൊരു ഗോളിലൂടെ തിരുവനന്തപുരം കൊമ്പൻസാണ് ആദ്യം മുന്നിലെത്തിയത്. അർജുൻ നൽകിയ പ്രതിരോധനിരയെ കീറിമുറിച്ച പാസ് നെഞ്ചിൽ നിയന്ത്രിച്ച് പുറംകാലുകൊണ്ട് വലയിലേക്ക് തിരിച്ചുവിട്ട് മുഹമ്മദ് നിഷാമാണ് കൊമ്പൻസിന് ലീഡ് സമ്മാനിച്ചത്. ആദ്യപകുതിയിലും രണ്ടാം പകുതിയുടെ അവസാന മിനിറ്റുകൾ വരെയും തിരുവനന്തപുരം ഈ ലീഡ് നിലനിർത്തി.
എന്നാൽ 80-ാം മിനിറ്റിൽ നിജോ ഗിൽബെർട്ട് നൽകിയ ക്രോസ് ഘാനക്കാരൻ ഫ്രഡറിക് ഗോളാക്കി മാറ്റിയതോടെ കണ്ണൂർ വാരിയേഴ്‌സ് സമനില പിടിച്ചു. നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ മത്സരം അവസാനിച്ചതോടെ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ കണ്ണൂരിന്റെ ആദ്യ മൂന്ന് കിക്കുകളും കൈവിട്ടുപോയപ്പോൾ, എടുത്ത മൂന്ന് കിക്കുകളും ലക്ഷ്യത്തിലെത്തിച്ച് തിരുവനന്തപുരം കൊമ്പൻസ് അനായാസ വിജയം സ്വന്തമാക്കി.
സൂപ്പർ ലീഗ് കേരള: നിലവിലെ ചാമ്പ്യന്മാരായ കണ്ണൂരിനെ വീഴ്ത്തി തിരുവനന്തപുരം കൊമ്പൻസ്