ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷി വിദ്യാർഥികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ബെന്നി ബെഹന്നാൻ എം.പി. ആവിഷ്കരിച്ച 'സ്പർശം' പദ്ധതി മുഖ്യമന്ത്രി നിർവഹിച്ചു. 'ഒപ്പമുണ്ട് എം.പി' എന്ന ബൃഹത് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. അങ്കമാലി വിശ്വജ്യോതി സി.എം.ഐ. പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ നിരവധി ഭിന്നശേഷി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
ഭിന്നശേഷി വിദ്യാർഥികളുടെ വിവിധ ആവശ്യങ്ങളും വികസന നിർദേശങ്ങളും അടങ്ങിയ നിവേദനം ചടങ്ങിൽ വച്ച് ബെന്നി ബെഹന്നാൻ എം.പി. മുഖ്യമന്ത്രിക്ക് കൈമാറി. നിവേദനം സ്വീകരിച്ചുകൊണ്ട്, ഭിന്നശേഷി കുട്ടികളുടെ അവകാശ സംരക്ഷണത്തിനും അവരുടെ സമഗ്രമായ പുരോഗതിക്കുമായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
ചാലക്കുടി മണ്ഡലത്തിലെ ബി.ആർ.സി.കൾ, സ്പെഷ്യൽ സ്കൂളുകൾ, ബഡ്സ് സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിദ്യാർഥികളാണ് ഈ മഹാസംഗമത്തിൽ പങ്കെടുത്തത്. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഭിന്നശേഷി കുട്ടികളെയും ശാസ്ത്രം, കല, കായികം തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. കൂടാതെ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അധ്യാപകരെയും വിദ്യാലയങ്ങളെയും ചടങ്ങിൽ പ്രോത്സാഹിപ്പിച്ചു.
പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ പരിപാടിക്ക് വിസ്മയക്കാഴ്ചയായി. മാജിക്കിലൂടെ മുഖ്യമന്ത്രിയുടെ വാച്ച് ഒളിപ്പിച്ച നിമിഷം സദസ്സിൽ വലിയ കൗതുകവും ആവേശവും സൃഷ്ടിച്ചു. ചടങ്ങിൽ ജനപ്രതിനിധികളായ റോജി എം. ജോൺ, റോജി എം. ജോൺ, ഹാരിസ് ബീരാൻ എം.പി. ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.