ഫുട്‌ബോള്‍ മത്സരത്തിനിടെ കളിക്കാരന്‍ കൂട്ടിയിടിച്ച് മരിച്ച സംഭവത്തില്‍ ഗോള്‍കീപ്പര്‍ക്കെതിരെ കര്‍ശന നടപടിയുമായി സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍. അന്‍ഡോറ ഗോള്‍കീപ്പര്‍ ജെസ്യൂസ് ഒവോനോയെ 12 മത്സരങ്ങളില്‍ നിന്ന് വിലക്കി. സ്‌പെയിന്‍ രണ്ടാം ഡിവിഷന്‍ മത്സരത്തിനിടെ സിഡി ടെനറിഫെ മുന്നേറ്റനിര താരം ജെസ്യൂസ് ഡി മിഗ്വേലും ഒവോനോയും തമ്മില്‍ കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മിഗ്വേല്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.
റഫറിയുടെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി വിലയിരുത്തിയ ശേഷമാണ് അച്ചടക്ക സമിതിയുടെ നടപടി. പന്തിനായുള്ള ശ്രമത്തിനിടെ ഒവോനോ അമിതമായ ശക്തി ഉപയോഗിച്ച് എതിര്‍ താരത്തിന്റെ നെഞ്ചില്‍ കാല്‍ കൊണ്ട് ഇടിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനെ തുടര്‍ന്ന് ഗോള്‍കീപ്പറെ മത്സരത്തില്‍ നിന്ന് ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കിയിരുന്നു. കൂട്ടിയിടിയെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ചാണ് താരം വീണതെന്നും, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് വിവരം.
സിഡി ടെനറിഫെയും എഫ്സി അന്‍ഡോറയും തമ്മിലുള്ള മത്സരത്തിനിടയിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. അപകടത്തിന് പിന്നാലെ മത്സരം പൂര്‍ണ്ണമായി ഉപേക്ഷിച്ചു. മിഗ്വേലിന്റെ വിയോഗത്തില്‍ ഗോള്‍കീപ്പര്‍ ഒവോനോ ഞെട്ടലും അതിയായ ദുഃഖവും രേഖപ്പെടുത്തി. താരത്തിന്റെ വേര്‍പാട് ഫുട്‌ബോള്‍ ലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബസ് അനുശോചിച്ചു.
കളിക്കിടെ കൂട്ടിയിടിച്ച് സ്പാനിഷ് ഫുട്‌ബോള്‍ താരം മരിച്ച സംഭവം; ഗോള്‍കീപ്പര്‍ക്ക് 12 മത്സരങ്ങളില്‍ വിലക്ക്