ടെക്‌സസ്: ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് നടത്തിയ സ്റ്റാര്‍ഷിപ്പ് ഫ്‌ലൈറ്റ് 15 പരീക്ഷണ ദൗത്യത്തില്‍ ഭാഗിക തിരിച്ചടി. റോക്കറ്റിന്റെ ഒന്നാം ഘട്ടമായ 'സൂപ്പര്‍ ഹെവി ബൂസ്റ്ററില്‍' ഉണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന്, ലോഞ്ച് ടവറിലെ യന്ത്രക്കൈകള്‍ ഉപയോഗിച്ച് ബൂസ്റ്റര്‍ പിടിച്ചെടുക്കാനുള്ള പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.
വിക്ഷേപണത്തിന് ശേഷം അപ്പര്‍ സ്റ്റേജായ 'ഷിപ്പില്‍' നിന്ന് വേര്‍പെട്ടതിന് പിന്നാലെയാണ് ബൂസ്റ്ററില്‍ തകരാര്‍ സംഭവിച്ചത്. ഇതോടെ ഓട്ടോമാറ്റിക് അബോര്‍ട്ട് സംവിധാനം പ്രവര്‍ത്തിക്കുകയും, ബൂസ്റ്ററിനെ സൗത്ത് ടെക്‌സസിലെ വിക്ഷേപണത്തറയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് പകരം മെക്‌സിക്കന്‍ ഉള്‍ക്കടലിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. തുടര്‍ന്ന് ബൂസ്റ്റര്‍ കടലില്‍ പതിച്ചു (ഓഫ്ഷോര്‍ ലാന്‍ഡിംഗ്). ഒരേ ദൗത്യത്തില്‍ത്തന്നെ റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും വിജയകരമായി തിരികെ പിടിക്കാനുള്ള സ്‌പേസ് എക്‌സിന്റെ ലക്ഷ്യത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്.
നവീകരിച്ച 'സൂപ്പര്‍ ഹെവി വി3' ബൂസ്റ്റര്‍ ആദ്യമായി ടവര്‍ ക്യാച്ചിന് ശ്രമിച്ച ദൗത്യമായിരുന്നു ഇത്. തകരാറിന്റെ കൃത്യമായ സാങ്കേതിക കാരണം സ്‌പേസ് എക്‌സ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മുന്‍പ് മൂന്ന് തവണ സൂപ്പര്‍ ഹെവി ബൂസ്റ്ററുകള്‍ വിജയകരമായി വീണ്ടെടുക്കാന്‍ സ്‌പേസ് എക്‌സിന് സാധിച്ചിരുന്നു.
അതേസമയം, ബൂസ്റ്റര്‍ കടലില്‍ പതിച്ചെങ്കിലും ദൗത്യത്തിന്റെ രണ്ടാം ഘട്ടമായ 'ഷിപ്പ് 42' ഭ്രമണപഥത്തില്‍ യാത്ര തുടരുകയാണ്. 26 പുതുതലമുറ സ്റ്റാര്‍ലിങ്ക് വി3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം, ഭൂമിയെ 14 തവണ വലംവെച്ച് സ്റ്റാര്‍ബേസിലേക്ക് തിരികെയെത്താനാണ് ഷിപ്പ് ലക്ഷ്യമിടുന്നത്. ചരിത്രത്തിലാദ്യമായി ഒരു ഓര്‍ബിറ്റല്‍ സ്റ്റാര്‍ഷിപ്പ് അപ്പര്‍ സ്റ്റേജിനെ ലോഞ്ച് ടവറില്‍ വെച്ച് പിടിച്ചെടുക്കാനുള്ള നിര്‍ണ്ണായക ശ്രമം ഇന്ത്യന്‍ സമയം നവംബര്‍ 15-ന് പുലര്‍ച്ചെ 2:45-ന് നടക്കും.
സ്പേസ് എക്‌സിന് തിരിച്ചടി; സ്റ്റാര്‍ഷിപ്പ് ബൂസ്റ്റര്‍ വീണ്ടെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു, റോക്കറ്റ് കടലില്‍ പതിച്ചു
സ്പേസ് എക്സ് സ്റ്റാർഷിപ്പ് ഫ്ലൈറ്റ് 15 ദൗത്യത്തിൽ തിരിച്ചടി. സാങ്കേതിക തകരാറിനെത്തുടർന്ന് സൂപ്പർ ഹെവി ബൂസ്റ്റർ കടലിൽ പതിച്ചു. ടവർ ക്യാച്ച് ശ്രമം പരാജയപ്പെട്ടു.