ചില ശബ്ദങ്ങള്‍ക്ക് കാലത്തെ പിന്നോട്ട് നടത്താനും പ്രണയത്തിന്റെയും വിരഹത്തിന്റെയും അപൂര്‍വ്വ അനുഭവങ്ങള്‍ സമ്മാനിക്കാനും പ്രത്യേക കഴിവുണ്ട്. ഇന്ത്യന്‍ സിനിമയുടെ സംഗീത പ്രതിഭ എസ്.പി. ബാലസുബ്രഹ്‌മണ്യം വിടപറഞ്ഞിട്ട് ആറുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും, ആ നിത്യവിസ്മയ ശബ്ദം ഇന്നും തലമുറകളിലൂടെ ജീവിക്കുകയാണ്. പകരം വെയ്ക്കാനാവാത്ത പാട്ടുക്കാരന്‍, മനുഷ്യ ജീവിതത്തിന്റെ ഒരോ ഘട്ടവും മാനോഹരമാക്കിയ ഗാനഗന്ധര്‍വ്വന്‍... അടയാളങ്ങള്‍ അവശേഷിപ്പിച്ചു കടന്നുപോകാന്‍ അനുഗ്രഹിക്കപ്പെട്ടവരാണ് ഓരോ ഗന്ധര്‍വഗായകനും. പാടിനിര്‍ത്തിയ പല്ലവിയില്‍നിന്ന് എസ്പിബി പടിയിറങ്ങിയെങ്കിലും ആ പാട്ടുകാരന്‍ എങ്ങോട്ടും മാഞ്ഞുപോയിട്ടില്ലെന്ന് വീണ്ടും ഓര്‍മപ്പെടുത്തുന്നു അദ്ദേഹത്തിന്റെ നിലയ്ക്കാത്ത സ്വരങ്ങളിലൂടെ...
2020 സെപ്റ്റംബര്‍ 25-നാണ് കോവിഡ് അനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 74-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, മറാത്തി എന്നിങ്ങനെ 16 ഭാഷകളിലായി 40,000-ത്തിലധികം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഏതു ഗായകനും ആഗ്രഹിക്കും എസ്പിയെ പോലൊരു മനുഷ്യനാകാന്‍, പാട്ടിലലിഞ്ഞു ജീവിക്കാന്‍. അദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങള്‍ പുരസ്‌കാരങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. എസ്പി തീര്‍ത്ത ഓളം അത് വേറെ ഒരാള്‍ക്ക് എത്തിപിടിക്കാന്‍ കഴിയാത്തത്ര ദൂരത്താണ്. പാട്ടുകള്‍ കൊണ്ടു മാത്രമല്ല ഒരു നല്ല മനുഷ്യനായും അദ്ദേഹത്തെ ഈ ലോകം വാനോളം ഉയര്‍ത്തുന്നു. അതേസമയം ലോകത്ത് ഏറ്റവുമധികം ചലച്ചിത്ര ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഗായകനെന്ന ഗിന്നസ് റെക്കോര്‍ഡിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്.
സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്ന നിരവധി സംഭവങ്ങളുണ്ട്. 'കര്‍ണ്ണ' എന്ന ചിത്രത്തിലെ 'മലരേ മൗനമാ...' എന്ന പ്രശസ്ത ഗാനത്തിന്റെ റെക്കോര്‍ഡിംഗിനിടെ, എസ്. ജാനകിയുടെ ശബ്ദത്തിന് അനുയോജ്യമായ പൂര്‍ണ്ണത ലഭിക്കാനായി പുലര്‍ച്ചെ വരെ വീണ്ടും വീണ്ടും പാടി ഒടുവില്‍ കണ്ണീരോടെയാണ് അദ്ദേഹം സ്റ്റുഡിയോ വിട്ടിറങ്ങിയതെന്ന് സംഗീതസംവിധായകന്‍ വിദ്യാസാഗര്‍ ഓര്‍ത്തെടുത്തിട്ടുണ്ട്. അതുപോലെ 'ഇളയനിലാ പൊഴിഗിറതേ...' എന്ന ഗാനത്തിലെ ഗിറ്റാര്‍ ബിറ്റുകള്‍ കൃത്യമാകാന്‍ 16 തവണയാണ് അദ്ദേഹം പാടിയത്. 1981 ഫെബ്രുവരി 8-ന് 12 മണിക്കൂറിനുള്ളില്‍ 21 കന്നഡ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തതും അദ്ദേഹത്തിന്റെ അപൂര്‍വ്വ നേട്ടങ്ങളിലൊന്നാണ്. ഇങ്ങനെ പാട്ടിനു വേണ്ടി മാത്രം ജീവിച്ച എത്ര എത്ര നിമിഷങ്ങള്‍, ആ കഠിനാധ്വാനത്തിന്റെ ഫലമാണ് അദ്ദേഹത്തിന്റെ പാട്ടുകളില്‍ ഈ ലോകം കാണുന്നതും ഇപ്പോള്‍ നെഞ്ചോട് ചേര്‍ക്കുന്നതും...
ഗായകനായി മാത്രമല്ല, സംഗീതസംവിധായകന്‍, നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലകളിലും അദ്ദേഹം തിളങ്ങി. അതേസമയം ഇന്നത്തെ ജെന്‍സി തലമുറയും എസ്പിയുടെ പാട്ടുകളെ നെഞ്ചോടു ചേര്‍ത്തി എന്നത് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഓര്‍മ്മകളെയും ഈ പ്രപഞ്ചം എന്നും ചേര്‍ത്തു പിടിക്കും എന്നതിന്റെ കൂടി ഉദാഹരണമാണ്. എസ്പി പാട്ടു പാടുന്നതു കണ്ടിരിക്കുന്നതുപോലും ഒരു മനോഹരകാഴ്ചയായിരുന്നു. അത്രയും അനായാസമായായിരുന്നു അദ്ദേഹത്തിന്റെ ആലാപനശൈലി. ഒരു കൊച്ചു കുട്ടിയെ പോലും പിടിച്ചിരുത്താനുള്ള ഒരു മാന്ത്രിക ശക്തി അദ്ദേഹത്തിന്റെ പാട്ടുകള്‍ക്കുണ്ടായിരുന്നു.
സാധാരണ കുടുംബത്തില്‍ വളര്‍ന്ന എസ്.പി. സാംബമൂര്‍ത്തിക്ക് മകനെ ഒരു എന്‍ജിനീയറാക്കണമെന്നായിരുന്നു മോഹം. പക്ഷേ എസ്പിബിയെ കാലം കൊണ്ടുചെന്നുനിര്‍ത്തിയത് അച്ഛന്റെ പാട്ടുവഴിയേ തന്നെയായിരുന്നു. മദ്രാസിലെത്തിയ എസ്പിയുടെ ജീവിതം മാറ്റിമറിച്ചത് ഇളയരാജയ്‌ക്കൊപ്പമുള്ള വേദികളായിരുന്നു. ഇളയരാജ എസ്പിബി കൂട്ടുകെട്ട് ഒരു മാജിക് എക്‌സ്പീരിയന്‍സായിരുന്നു പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്. തെലുങ്കിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കമെങ്കിലും തമിഴിനോടായിരുന്നു എസ്പിക്ക് പ്രിയം. എം.എസ്. വിശ്വനാഥന്റെയും ടി.കെ. രാമമൂര്‍ത്തിയുടെയും സംഘത്തില്‍ എത്തിച്ചേര്‍ന്നതോടെ തമിഴ് സിനിമയിലേക്കുള്ള വഴിതുറന്നു. എംജിആറിന്റെ 'അടിമൈപ്പെണ്‍' എന്ന ചിത്രത്തില്‍ ആലപിച്ച 'ആയിരം നിലാവേ വാ' എന്ന ഗാനം എസ്പിബിയുടെ സംഗീതജീവിതത്തില്‍ വലിയ ബ്രേക്ക് നല്‍കി. പിന്നീടങ്ങോട്ട് ആ അതുല്യ കലാക്കാരന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എസ്പിബി മാജിക് എല്ലാ പാട്ടുകളിലും കാണാനുള്ള ഭാഗ്യം പാട്ടിനെ സ്‌നേഹിക്കുന്നവര്‍ക്കും ലഭിച്ചുവെന്നത് അനുഗ്രഹീതമാണ്.
നാല് ഭാഷകളില്‍ നിന്നായി ആറ് ദേശീയ പുരസ്‌കാരങ്ങളും പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. ശാസ്ത്രീയ സംഗീതം ഔപചാരികമായി അഭ്യസിക്കാതെ 'ശങ്കരാഭരണം' പോലുള്ള സിനിമകളില്‍ അദ്ദേഹം പാടിയ ശാസ്ത്രീയ ഗാനങ്ങള്‍ ഇന്നും അദ്ഭുതമാണ്. മലരേ മൗനമാ.. മൗനമേ വേദമാ.. എന്ന വിദ്യാസാഗര്‍ ഈണമിട്ട ഗാനം, വൈരമുത്തുവിന്റെ വരികള്‍, ആരുടെയും ഹൃദയത്തെ ആര്‍ദ്രമാക്കുന്ന എസ്പിബിയുടെ സ്വരം. ഇന്നും മിക്കവരുടെയും പ്ലേ ലിസ്റ്റില്‍ ഒന്നാമത് ഉണ്ടാകും എന്നത് സംശയമില്ലാത്ത ഒരു സത്യമാണ്. ആ കൂട്ട് കെട്ട് പ്രണയത്തെ വ്യാഖ്യാനിക്കുന്നതില്‍ വിരഹത്തെ, അങ്ങനെ പല പല ഇമോഷന്‍സിനെ തൊട്ടുണര്‍ത്തുന്ന ഒരു പിടി ഗാനങ്ങള്‍ നമ്മള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. കാലം ആറുവര്‍ഷം മുന്നോട്ടുപോയെങ്കിലും'മണ്ണില്‍ ഇന്ത കാതല്‍', 'ഇളയനിലാ' തുടങ്ങിയ ഗാനങ്ങളിലൂടെ എസ്.പി.ബി സംഗീതാസ്വാദകരുടെ മനസ്സില്‍ ഇന്നും അമരനായി ജീവിക്കുന്നു...