രാജീവ് ഗാന്ധി കൊല്ലപ്പെട്ടുവെന്ന വിവരം സോണിയ ഗാന്ധിയെ ഔദ്യോഗികമായി അറിയിച്ചത് അദ്ദേഹത്തിന്റെ ദീര്‍ഘകാല പേഴ്‌സണല്‍ അസിസ്റ്റന്റും പന്തളം സ്വദേശിയായ വിന്‍സന്റ് ജോര്‍ജ് ആണെന്ന് സോണിയയുടെ ഓര്‍മ്മപുസ്തകമായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' വ്യക്തമാക്കുന്നു. രാജീവ് ഗാന്ധിയുടെ വിയോഗം നടന്ന ആ കറുത്ത രാത്രിയുടെ ഞെട്ടിക്കുന്ന ഓര്‍മ്മകളും വിന്‍സന്റ് ജോര്‍ജുമായുള്ള കുടുംബത്തിന്റെ ആത്മബന്ധവും പുസ്തകം വിവരിക്കുന്നുണ്ട്.
മുഖം വിളറി, പതിവിലും ഇരുണ്ട കണ്ണുകളുമായി മുറിയിലേക്ക് കടന്നുവന്ന മകള്‍ പ്രിയങ്ക ഗാന്ധിയാണ് രാജീവ് ഗാന്ധിക്ക് അപകടം പറ്റിയ വിവരം ആദ്യം അറിയിച്ചത്. ഒരു ബോംബ് സ്‌ഫോടനം ഉണ്ടായെന്നും പപ്പയ്ക്ക് ചുറ്റുമുണ്ടായിരുന്ന പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടെങ്കിലും അദ്ദേഹം സുരക്ഷിതനാണെന്നുമാണ് ആദ്യം ഫോണ്‍ വന്നതെന്ന് പ്രിയങ്ക പറഞ്ഞു. എന്നാല്‍ പന്ത്രണ്ട് പേര്‍ മരിച്ച സ്ഥിതിക്ക് പപ്പയ്ക്ക് പരിക്കേറ്റിട്ടുണ്ടാകുമെന്നും ആശുപത്രിയിലായിരിക്കുമെന്നും കരുതി മദ്രാസിലേക്ക് പോകാനായി വസ്ത്രം മാറാന്‍ പ്രിയങ്ക ആവശ്യപ്പെട്ടു.
പ്രിയങ്കയുടെ വാക്കുകളിലെ ഭീതിയാണ് സത്യം തിരിച്ചറിയാന്‍ സോണിയയെ സഹായിച്ചത്. 'എനിക്ക് ശ്വസിക്കാന്‍ കഴിഞ്ഞില്ല,' എന്ന് സോണിയ ഓര്‍ക്കുന്നു. വിവരം അന്വേഷിക്കാമെന്ന് ജോര്‍ജ് പറഞ്ഞിരുന്നെങ്കിലും തിരിച്ചുവിളിച്ചില്ലെന്നും ഇപ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്നും പറഞ്ഞ് പ്രിയങ്ക വീണ്ടും ഓഫീസിലേക്ക് ഓടി. കുറച്ചുനേരം കഴിഞ്ഞ് തിരിച്ചെത്തിയ പ്രിയങ്ക തളര്‍ന്ന് പറഞ്ഞു: 'പപ്പ മരിച്ചു.' മകളുടെ കൈകളില്‍ തളര്‍ന്നുവീണ സോണിയ, 'ഞാന്‍ അദ്ദേഹത്തിനൊപ്പം പോകേണ്ടതായിരുന്നു' എന്ന് പറഞ്ഞു കരഞ്ഞു.
എന്നാല്‍ ഈ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയാതെ സോണിയ നേരിട്ട് വിന്‍സന്റ് ജോര്‍ജിനെ ഫോണില്‍ വിളിക്കുകയായിരുന്നു: 'സത്യമാണോ എന്ന് മാത്രം പറയൂ.' ഇടറിയ ശബ്ദത്തില്‍ ജോര്‍ജ് നല്‍കിയ മറുപടി ഇതായിരുന്നു: 'അതെ, സത്യമാണ്, സാഹബ് ഇനിയില്ല.' തന്റെ ലോകം ഇരുട്ടിലായതുപോലെയും ആ ഇരുട്ട് തന്നെ മുഴുവനായി വിഴുങ്ങിയതുപോലെയും തോന്നിയെന്ന് സോണിയ പുസ്തകത്തില്‍ കുറിക്കുന്നു. മെയ് 24-ന് തീന്‍ മൂര്‍ത്തി ഭവനില്‍നിന്ന് രാജീവിന്റെ ഭൗതികശരീരം പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ രാഹുലിനും ബന്ധുക്കള്‍ക്കുമൊപ്പം മൃതദേഹം ചുമന്നവരില്‍ വിന്‍സന്റ് ജോര്‍ജും ആര്‍.കെ. ധവാനും ഉണ്ടായിരുന്നു.
പുസ്തകത്തില്‍ ആറിടത്താണ് വിന്‍സന്റ് ജോര്‍ജിനെക്കുറിച്ച് സോണിയ പരാമര്‍ശിക്കുന്നത്. ഇന്ദിരാ ഗാന്ധി അധികാരമൊഴിഞ്ഞശേഷം കുടുംബം 12 വില്ലിങ്ടണ്‍ ക്രസന്റിലേക്ക് മാറിയപ്പോള്‍, മുന്‍വശത്തെ പൂന്തോട്ടത്തില്‍ കെട്ടിയ ടെന്റിലാണ് ഇന്ദിരയുടെ ഓഫീസ് പ്രവര്‍ത്തിച്ചത്. അവിടെ അവരുടെ രണ്ട് സെക്രട്ടറിമാരായ ആര്‍.കെ. ധവാനും ജോര്‍ജുമാണ് ഉണ്ടായിരുന്നത്. പിന്നീട് ജോര്‍ജ് 'രാജീവിന്റെ വിശ്വസ്തനായ പേഴ്‌സണല്‍ അസിസ്റ്റന്റ്' ആയി മാറുകയും വര്‍ഷങ്ങളോളം സോണിയയുടെ ഓഫീസില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തു.
രാജീവ് പ്രധാനമന്ത്രിയായപ്പോഴും വിദൂരഗ്രാമങ്ങളിലൂടെയുള്ള യാത്രകളില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ കുറിച്ചെടുക്കാനും തുടര്‍നടപടി ഉറപ്പാക്കാനും നിയോഗിച്ച സഹായികളില്‍ ജോര്‍ജുണ്ടായിരുന്നു. ജീവനക്കാരുടെ അശ്രദ്ധ പലപ്പോഴും രാജീവിനെ ചൊടിപ്പിച്ചിരുന്നുവെന്നും, പലപ്പോഴും മറ്റുള്ളവര്‍ വരുത്തിയ പിഴവുകള്‍ക്കുപോലും ശകാരം കേള്‍ക്കേണ്ടിവന്നത് ജോര്‍ജിനാണെന്നും സോണിയ ഓര്‍ക്കുന്നു. എന്നാല്‍ രാജീവിന്റെ മരണശേഷം, 'സാഹബിന്റെ ശകാരങ്ങള്‍' ഇല്ലാത്തതിന്റെ നഷ്ടം എത്ര വലുതാണെന്ന് ജോര്‍ജ് തന്നോട് പറഞ്ഞതായും സോണിയ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.
1974-ല്‍ ജോലി തേടി ഡല്‍ഹിയിലെത്തിയ വിന്‍സന്റ് ജോര്‍ജ്, ടൈപ്പിങ്ങിലെ മികവിലൂടെയാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് ജോലിയില്‍ പ്രവേശിക്കുന്നത്. സഞ്ജയ് ഗാന്ധിയുടെ ശ്രദ്ധ നേടിയതോടെ പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ച വേഗത്തിലായി. സഞ്ജയിന്റെ മരണത്തെത്തുടര്‍ന്ന് രാജീവ് ഗാന്ധി രാഷ്ട്രീയത്തിലെത്തിയപ്പോള്‍ ജോര്‍ജ് അദ്ദേഹത്തിന്റെ പ്രധാന സഹായിയായി മാറി. രാജീവ് പ്രധാനമന്ത്രിയായതോടെ പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രൈവറ്റ് സെക്രട്ടറിയായി മാറിയ ജോര്‍ജ്, അദ്ദേഹത്തെ കാണാനെത്തുന്നവരുടെ കാര്യത്തില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിയായി മാറി. രാജീവിന്റെ മരണശേഷവും ഗാന്ധി കുടുംബത്തോടൊപ്പം ഉറച്ചുനിന്ന ജോര്‍ജ്, സോണിയയുടെയും മക്കളുടെയും ദൈനംദിന കാര്യങ്ങളിലും രാഷ്ട്രീയ നീക്കങ്ങളിലും പിന്നണിയിലെ സജീവസാന്നിധ്യമായി ഇന്നും തുടരുന്നു.
'സാഹബ് ഇനിയില്ല'; രാജീവിന്റെ മരണം സോണിയയോട് സ്ഥിരീകരിച്ചത് വിന്‍സന്റ് ജോര്‍ജ്; ഓര്‍മ്മ പുസ്തകത്തില്‍ പരാമര്‍ശം