ലേ: ലഡാക്കിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സമരനേതാവുമായ സോനം വാങ്ചുക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഡാക്കിന് സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരമുള്ള സംരക്ഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണ് വാങ്ചുക്ക്. വെള്ളിയാഴ്ച ലേയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് ശേഷം സ്വന്തം ഗ്രാമത്തിലേയ്ക്കു മടങ്ങിയ വാങ്ചുക്കിനെ അവിടെ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലഡാക്കില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി തദ്ദേശീയരുടെ ഭൂമി, സംസ്‌കാരം, തൊഴില്‍ എന്നിവ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭകര്‍ രംഗത്തുള്ളത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ലേ അപെക്‌സ് ബോഡിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും (KDA) സംയുക്തമായി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് സോനം വാങ്ചുക്ക് ശക്തമായ പിന്തുണ നല്‍കിയിരുന്നു. ഈ ആവശ്യങ്ങള്‍ ഉള്‍പ്പടെ ഉ്ന്നയിച്ചു കൊണ്ട് ഒട്ടേറെ തവണ നിരാഹാര സമരങ്ങള്‍ നടത്തുകയും ലഡാക്കിന്റെ പ്രത്യേകതകള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്.
വാങ്ചുക്കിന്റെ അറസ്റ്റ് ലഡാക്കിലെ രാഷ്ട്രീയ സാഹചര്യത്തെ കൂടുതല്‍ മോശമാക്കിയിരിക്കുകയാണ്. അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്ന് പ്രതിഷേധം കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വാങ്ചുക്കിനെ മോചിപ്പിക്കണമെന്നും പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
അറസ്റ്റിന്റെ കൃത്യമായ കാരണങ്ങള്‍ പോലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ലേയില്‍ നടന്നുവരുന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന. കഴിഞ്ഞ ദിവസത്തെ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. എഴുപതിലേറെപേര്‍ക്ക് പരിക്കേറ്റിരുന്നു. ലഡാക്കിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
അടുത്ത കാലത്തായി ലഡാക്ക് നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് അവിടുത്തെ പരിസ്ഥിതിക്ക് ഭീഷണിയായേക്കാവുന്ന വ്യാവസായിക പ്രവര്‍ത്തനങ്ങള്‍. ഈ വിഷയങ്ങളിലും വാങ്ചുക്ക് സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റ് ദേശീയ തലത്തില്‍ത്തന്നെ ശ്രദ്ധ നേടുകയും ലഡാക്കിലെ ജനങ്ങളുടെ ആവശ്യങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ ലഡാക്കിലെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാകാനാണ് സാധ്യത