മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറം ജില്ലയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നിലമ്പൂരിൽ മൂന്ന് പേർക്കാണ് രോഗം കണ്ടെത്തിയത്. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസ്സുകാരിക്കും, പാലുണ്ടയിലെ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച രണ്ടുപേർക്കുമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് തീവ്ര ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ വയറിളക്കം, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളോടെ 23 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരുടെ പരിശോധനാഫലം പുറത്തുവന്ന ശേഷമേ കൂടുതൽ രോഗസ്ഥിരീകരണം ഉണ്ടാകൂ. നേരത്തെ കോഴിക്കോട് മേപ്പയിൽ സ്‌കൂളിലെ 3 വിദ്യാർഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. സ്‌കൂളിലെ കിണർവെള്ളത്തിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. രോഗവ്യാപന പശ്ചാത്തലത്തിൽ ഈ സ്‌കൂളിന് താൽക്കാലികമായി അവധി നൽകിയിരിക്കുകയാണ്. അതേസമയം, ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
എന്താണ് ഷിഗെല്ല? രോഗ ലക്ഷണങ്ങളും പ്രതിരോധവും
സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന കുടൽ രോഗമാണ് ഷിഗെല്ല (Shigellosis). മലിനമായ വെള്ളത്തിൽ നിന്നും കേടായ ഭക്ഷണത്തിൽ നിന്നുമെല്ലാമാണ് ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നത്. പ്രതിരോധശേഷി കുറഞ്ഞവരെയും 5 വയസ്സിൽ താഴെയുള്ള കുട്ടികളെയുമാണ് രോഗം പെട്ടെന്ന് ബാധിക്കുന്നത്.
പ്രധാന രോഗലക്ഷണങ്ങൾ:
കഠിനമായ വയറിളക്കം, വയറുവേദന
സമ്പർക്കത്തിൽ വന്ന് 1 മുതൽ 2 ദിവസത്തിനകം (ചിലപ്പോൾ ഒരാഴ്ചയ്ക്ക് ശേഷം) ലക്ഷണങ്ങൾ പ്രകടമാകാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഭക്ഷണ ശുചിത്വം: രോഗബാധയുള്ളവർ പാചകം ചെയ്യുന്നതിലൂടെയും രോഗം പകരാം. മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. തണുപ്പിച്ചു സൂക്ഷിക്കുന്ന ഭക്ഷണങ്ങളിൽ ബാക്ടീരിയ കൂടുതൽ കാലം നിലനിൽക്കും. സാലഡുകൾക്കായി ഉപയോഗിക്കുന്ന പച്ചക്കറികളും പഴങ്ങളും നന്നായി കഴുകണം.
കുടിവെള്ളം: തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക (വെള്ളം കുറഞ്ഞത് 5 മിനിറ്റ് വെട്ടിത്തിളയ്ക്കണം). തിളച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തരുത്.
വ്യക്തിശുചിത്വം: ഭക്ഷണം കഴിക്കുന്നതിന് മുൻപും ശൗചാലയത്തിൽ പോയ ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക.
ചികിത്സ: രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യകേന്ദ്രത്തിൽ എത്തണം. നിർജലീകരണം തടയാൻ ഒ.ആർ.എസ് (ORS) ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ കുടിക്കണം.
കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും ഷിഗെല്ല സ്ഥിരീകരിച്ചു; നിലമ്പൂരിൽ 3 പേർക്ക് രോഗബാധ, ജാഗ്രതാ നിർദേശം