മനസ്സു കീഴടക്കി 'വേറെ ഒരു കേസ്'; ഷെബി ചൗഘട്ടിന് പുരസ്‌കാരം; ചിത്രത്തെ പ്രശംസിച്ച് രജിത് കപൂർ

പത്താമത് രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (RIFF) മലയാള സിനിമയ്ക്ക് അഭിമാന നേട്ടം. ഷെബി ചൗഘട്ട് സംവിധാനം ചെയ്ത 'വേറെ ഒരു കേസ്' എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ഷെബി ചൗഘട്ട് കരസ്ഥമാക്കി. ഫുവാദ് പനങ്ങായി നിർമ്മിച്ച ഈ ചിത്രത്തിൽ വിജയ് നെല്ലിസാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹരീഷ് വി. എസ്സാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
മേളയിൽ പ്രദർശിപ്പിച്ച ചിത്രം അതിന്റെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെയും നിരൂപകരുടെയും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. ദേശീയ പുരസ്‌കാര ജേതാവായ പ്രശസ്ത നടൻ രജിത് കപൂർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. ഒരൊറ്റ മുറിയിൽ പരിമിതപ്പെടുത്തിയ കഥാപരിസരത്ത് നിന്ന് കൊണ്ട് തന്നെ കഥാപാത്രങ്ങളുടെ ജീവിതവും വൈകാരികമായ ഉയർച്ച–താഴ്ചകളും പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് സാധിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പശ്ചാത്തല സംഗീതം (BGM) പൂർണ്ണമായും ഒഴിവാക്കി എന്നുള്ളതാണ് സിനിമയെ കൂടുതൽ വേറിട്ടു നിർത്തുന്നതെന്ന് രജിത് കപൂർ ചൂണ്ടിക്കാട്ടി. സംഭാഷണങ്ങളും സ്വാഭാവികമായ ശബ്ദങ്ങളും മാത്രം ഉപയോഗിച്ചുള്ള ഈ പരീക്ഷണാത്മക ശൈലി സിനിമയ്ക്ക് അതിമനോഹരമായ ഒരു യാഥാർത്ഥ്യഭാവം നൽകുന്നു. ലളിതമായ അവതരണവും പുതുമയുള്ള സമീപനവും ചേർന്ന 'വേറെ ഒരു കേസ്' രാജസ്ഥാൻ ഫിലിം ഫെസ്റ്റിവലിലെ മികച്ച സിനിമാനുഭവങ്ങളിൽ ഒന്നായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.