ഹൈദരാബാദ്: ഭാരത് സമ്മിറ്റിൽ അന്താരാഷ്ട്ര തലത്തിലെ പ്രമുഖർക്ക് പ്രവേശനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരേ വിമർശനവുമായി ശശി തരൂർ എംപി. പരിപാടിയിൽ പങ്കെടുക്കേണ്ട 115 പേർക്ക് കേന്ദ്രം സന്ദർശനാനുമതി നിഷേധിച്ചെന്ന് തരൂർ ആരോപിച്ചു. വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് അനുമതി ലഭിച്ചിട്ടും, വിസ റദ്ദാക്കപ്പെടുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നും തരൂർ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച പ്രഭാഷകരിൽ 115 പേർ ഹൈദരാബാദിലെത്തിയ ശേഷമാണ് ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിച്ചെന്നും വിസ റദ്ദാക്കിയതെന്നുമുള്ള വിവരം അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. വിമർശനങ്ങളെ ഭയന്ന് അവയെ അടിച്ചമർത്തുന്ന തരത്തിൽ ജനാധിപത്യം അരക്ഷിതാവസ്ഥയിലായിരിക്കുന്നെന്നും തരൂർ എക്സിൽ കുറിച്ചു. നിയന്ത്രണങ്ങൾ സമ്മേളനം അവസാനിക്കാറായ ഘട്ടത്തിൽ ഏർപ്പെടുത്തിയതിനാൽ, വിലക്ക് നേരിട്ടവരുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയാത്ത അവസ്ഥയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇത്തരമൊരു നടപടിയെടുത്തതെന്നും തരൂർ ചോദിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച പ്രഭാഷകരിൽ പ്രമുഖർക്ക് പ്രവേശനം നിഷേധിച്ചതായും ചിലരുടെ വിസ മുൻകാല പ്രാബല്യത്തോടെ റദ്ദാക്കിയതായും റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ വിമർശനം.
നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിങ് സ്വെൻഡ്സനും വിലക്ക് നേരിട്ടവരിൽ ഉൾപ്പെടുന്നു. ഹൈദരാബാദിലേക്ക് യാത്ര തിരിക്കുന്നതിന് തൊട്ടുമുൻപാണ് ഇന്ത്യൻ വിസ റദ്ദാക്കിയതെന്ന് അവർ ആരോപിച്ചു. വിസയും പ്രവേശനാനുമതിയും ലഭിച്ചശേഷം, ഇന്ത്യയിലേക്ക് യാത്രചെയ്യാനാകില്ലെന്ന് പിന്നീട് തന്നെ അറിയിക്കുകയായിരുന്നെന്നും അവർ പറഞ്ഞു. അതേസമയം, ആരോപണങ്ങളിൽ കേന്ദ്രസർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹൈദരാബാദിൽ നടക്കുന്ന രണ്ടാമത് ഭാരത് ഉച്ചകോടിയിൽ എഴുപതോളം രാജ്യങ്ങളിൽനിന്നായി രാഷ്ട്രീയനേതാക്കൾ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിങ്ങനെ ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ നയതന്ത്രപരമായ നിലപാടുകൾ, സഹകരണ ഫെഡറലിസം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്ന ഉച്ചകോടി നവംബർ 13, 14 തീയ്യതികളിലായാണ് നടക്കുന്നത്.
ഭാരത് സമ്മിറ്റിൽ അന്താരാഷ്ട്ര പ്രമുഖർക്ക് പ്രവേശനം നിഷേധിച്ചു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ