തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സി വഴി കൂട്ടത്തോടെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനങ്ങള്‍ ലഭിച്ചുവെന്ന ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി രംഗത്തെത്തി.
2024-25 വര്‍ഷത്തെ ഹൈസ്‌കൂള്‍ അധ്യാപക നിയമനങ്ങളില്‍ വലിയൊരു പങ്കും ഈ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്.ഡി. നേടിയ മുന്‍ വിദ്യാര്‍ത്ഥികളാണെന്ന് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ ആരോപിക്കുന്നു. വിവിധ പി.എസ്.സി പരീക്ഷകളിലെ ചോദ്യകര്‍ത്താക്കളില്‍ ഭൂരിപക്ഷവും സംസ്‌കൃത സര്‍വകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയിലെ അംഗങ്ങളാണെന്ന ആക്ഷേപത്തെ ബലപ്പെടുത്തുന്നതാണ് ഈ നിയമനങ്ങളെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
ഫിഷറീസ് സര്‍വകലാശാലയിലെ (കുഫോസ്) 38 എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്ക് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായി നിയമനം ലഭിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടെയാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സര്‍വകലാശാലയുടെ നാക് (NAAC) അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് പൂര്‍വ വിദ്യാര്‍ത്ഥികളുടെ പ്ലേസ്മെന്റ് വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് സംസ്‌കൃത വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ നിയമനവിവരങ്ങള്‍ പുറത്തുവന്നതെന്ന് കമ്മിറ്റി വ്യക്തമാക്കുന്നു.
സംഭവം വിവാദമായതോടെ മറ്റ് വകുപ്പുകള്‍ പ്ലേസ്മെന്റ് വിവരങ്ങള്‍ പുറത്തുവിടാതെ മറച്ചുവെച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. കേരള, കാലിക്കറ്റ്, എംജി സര്‍വകലാശാലകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് റാങ്ക് പട്ടികയില്‍ ഇടം ലഭിക്കാതിരിക്കുമ്പോഴാണ്, പ്ലസ് ടു, ബിരുദ പരീക്ഷകളില്‍ കുറഞ്ഞ മാര്‍ക്ക് നേടി പ്രവേശനം നേടിയവര്‍ക്ക് പോലും സംസ്‌കൃത സര്‍വകലാശാല വഴി പി.എസ്.സി നിയമനം ലഭിക്കുന്നതെന്ന് സമിതി കുറ്റപ്പെടുത്തുന്നു.
സംസ്‌കൃത സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയും എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന ഡോ. പ്രിന്‍സി കുര്യാക്കോസ് 2023 നവംബറില്‍ പി.എസ്.സി അംഗമായി നിയമിതയായ ശേഷമാണ് ഈ നിയമനങ്ങള്‍ നടന്നതെന്ന് കമ്മിറ്റി ആരോപിക്കുന്നു. 36 വയസ്സില്‍ പി.എസ്.സി അംഗമായ ഇവരുടെ പിഎച്ച്.ഡി. പ്രബന്ധവും നേരത്തെ വിവാദമായിരുന്നുവെന്നും, പി.എസ്.സി പരീക്ഷകളില്‍ ചോദ്യകര്‍ത്താക്കളെ നിയോഗിക്കുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.
പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര അന്വേഷണം പ്രഖ്യാപിക്കണമെന്നും, അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ ആരോപണവിധേയമായ റാങ്ക് പട്ടികകളില്‍ നിന്നുള്ള നിയമന ശിപാര്‍ശകള്‍ നിര്‍ത്തിവയ്ക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പ് മന്ത്രിക്കും പരാതി നല്‍കിയതായും ആര്‍.എസ്. ശശികുമാര്‍ അറിയിച്ചു.
നിയമനം ലഭിച്ചതായി കമ്മിറ്റി പുറത്തുവിട്ട ചില പൂര്‍വ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍:
കെ.ബി. അമൃത (റാങ്ക് 5, ഹയര്‍സെക്കന്‍ഡറി അധ്യാപിക), ആതിര ചന്ദ്രന്‍ (റാങ്ക് 17, ഹയര്‍സെക്കന്‍ഡറി അധ്യാപിക), കെ.വി. വിപിന്‍ (റാങ്ക് 21, ഹയര്‍സെക്കന്‍ഡറി അധ്യാപകന്‍), ശ്രുതി എസ്. നായര്‍ (പാര്‍ടൈം ടീച്ചര്‍), മേഘ എലിസബത്ത് (സെക്രട്ടറിയേറ്റ്), കെ.വി. ആശാലത (ഹൈസ്‌കൂള്‍, മലപ്പുറം), ആതിര സി.ബി. (ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, മലപ്പുറം), കെ.പി. ലക്ഷ്മി (ഹൈസ്‌കൂള്‍, എറണാകുളം), സഹല വി.കെ. (ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, കൊല്ലം), പി. കീര്‍ത്തന (ഹൈസ്‌കൂള്‍ ടീച്ചര്‍, മലപ്പുറം), ഷൈനി ഡി. (തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം റാങ്ക് പട്ടിക), ടി.പി. ശ്രീവിദ്യ, നിവേദിത ഒ.പി., എസ്.ആര്‍. റോഷിനി, ടി. ആതിര, ടി. ലിനിഷ, ഒ. സമീര, കെ. അബ്ദുല്‍ അസീസ്, പി.വി. അമാലു.
എസ്എഫ്ഐ വിദ്യാർത്ഥികൾ കൂട്ടത്തോടെ പിഎസ്‌സി റാങ്ക് പട്ടികയിൽ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി