ധാക്ക: സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാലദ്വീപിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. ബംഗ്ലാദേശിലെ ധാക്ക നാഷണല്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടന്ന ഗ്രൂപ്പ് ബിയിലെ നിര്‍ണായക പോരാട്ടത്തില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ഇന്ത്യയുടെ വിജയഗോള്‍.
മത്സരത്തിന്റെ 38-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി വലയിലെത്തിച്ച് സുഹൈല്‍ അഹമ്മദ് ഭട്ടാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ഇന്ത്യന്‍ താരം അബ്ദുല്‍ റബീഹിനെ മാലദ്വീപിന്റെ ഹുസൈന്‍ യൂസഫ് ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്.
മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സമനില ഗോളിനായി മാലദ്വീപ് ശക്തമായി തിരിച്ചടിച്ചെങ്കിലും ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പ്രിയാന്‍ഷ് ദുബെയുടെ മികച്ച പ്രകടനം ഇന്ത്യക്ക് തുണയായി. 79-ാം മിനിറ്റില്‍ അലി ഹംദാന്‍ എടുത്ത ഫ്രീക്കിക്കും, തൊട്ടുപിന്നാലെ മുസ്ദാന്‍ ഹസ്സന്റെ ഷോട്ടും പ്രിയാന്‍ഷ് ദുബെ തടഞ്ഞിട്ടു. ഇന്‍ജുറി ടൈമില്‍ എഥാന്‍ ഇബ്രാഹിം സാക്കി ഗോള്‍മുഖത്ത് നിന്ന് തൊടുത്ത അപകടകരമായ ഷോട്ട് സ്വന്തം മുഖം കൊണ്ട് തടുത്താണ് പ്രിയാന്‍ഷ് ഇന്ത്യയുടെ വിജയം കാത്തത്.
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ 6 പോയിന്റുമായി ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് ഒന്‍പത് തവണ ചാമ്പ്യന്മാരായ ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ 3-2ന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഇന്ത്യയോട് തോറ്റെങ്കിലും മാലദ്വീപിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയ പാകിസ്ഥാനും ഗ്രൂപ്പില്‍ നിന്ന് സെമിയില്‍ കടന്നിട്ടുണ്ട്.
സാഫ് ഫുട്ബോൾ: മാലദ്വീപിനെ വീഴ്ത്തി ഇന്ത്യ സെമിയിൽ