റെഡ്ഡിറ്റിൽ ആരാധകരുമായുള്ള ചോദ്യോത്തര വേളയ്ക്കിടെ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ കുറിച്ച ഒരു വാക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണ് നൽകിയ ഉപദേശം എന്തായിരുന്നു എന്ന ആരാധകന്റെ ചോദ്യത്തിന്, 'നരസിംഹം' സിനിമയിലെ മോഹൻലാലിന്റെ ഐക്കോണിക് ഡയലോഗായ ‘നീ പോ മോനെ ദിനേശാ’ എന്നായിരുന്നു സച്ചിന്റെ മറുപടി.
സച്ചിന്റെ ഈ പ്രതികരണത്തിന്റെ സ്‌ക്രീൻഷോട്ട് സഞ്ജു സാംസൺ തന്നെ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെക്കുകയായിരുന്നു. ഈ വാക്കിന്റെ അർത്ഥം വിശദീകരിക്കാൻ ഏറ്റവും യോഗ്യൻ മലയാളത്തിന്റെ സ്വന്തം ലാലേട്ടനാണെന്ന് കുറിച്ചുകൊണ്ട് മോഹൻലാലിനെ സഞ്ജു പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തു.
സഞ്ജുവിന്റെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ സാക്ഷാൽ മോഹൻലാലും മറുപടിയുമായി രംഗത്തെത്തി. "മോനെ സഞ്ജു… സിക്സറടിച്ചശേഷം ബൗളർമാരോട് സച്ചിൻ പറഞ്ഞിരുന്നത് 'നീ പോ മോനെ ദിനേശാ'.. നീ പോയി അടുത്ത പന്തെറിയ് എന്നായിരുന്നു. ഇപ്പോൾ നീയും അതുപോലെയാണ്. അത് തുടരൂ, അടുത്ത ബൗളർ നിന്നെ കാത്തിരിക്കുന്നു" എന്നായിരുന്നു മോഹൻലാലിന്റെ ആവേശകരമായ മറുപടി.
ഇന്ത്യൻ ക്രിക്കറ്റിലെയും മലയാള സിനിമയിലെയും ഇതിഹാസങ്ങൾ തമ്മിലുള്ള ഈ രസകരമായ സംഭാഷണം സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
'നീ പോ മോനെ ദിനേശാ!': സഞ്ജുവിന് സച്ചിൻ നൽകിയ ആ രഹസ്യ ഉപദേശം; മാസ് വ്യാഖ്യാനവുമായി ലാലേട്ടൻ