തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29-ന് രാവിലെ 10 മണിക്ക് ആരംഭിക്കും. ഭക്തർക്ക് www.sabarimalaonline.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ദർശനത്തിനായുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യാവുന്നതാണ്. നിലയ്ക്കൽ - പമ്പ പാത വഴി പ്രതിദിനം 60,000 ഭക്തർക്കാണ് വെർച്വൽ ക്യൂ ടിക്കറ്റ് ലഭ്യമാവുക. കൂടാതെ എരുമേലി കാനനപാത വഴിയും വണ്ടിപ്പെരിയാർ - സത്രം പാത വഴിയും 3,000 ഭക്തർക്ക് വീതം ദിവസവും ഓൺലൈനായി ടിക്കറ്റുകൾ ലഭ്യമാകും.
ഓൺലൈൻ ബുക്കിങ്ങിന് പുറമേ നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ റിയൽ ടൈം സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്. നിലയ്ക്കൽ റിയൽ ടൈം ബുക്കിങ് കേന്ദ്രം വഴി പ്രതിദിനം 10,000 ഭക്തർക്കും, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ വഴി പ്രതിദിനം 2,000 പേർക്ക് വീതവും ദർശനത്തിന് പ്രവേശനം നൽകും.
കേരള ഹൈക്കോടതി ഉത്തരവനുസരിച്ച് ഇത്തവണ പമ്പയിലെ റിയൽ ടൈം സ്പോട്ട് ബുക്കിങ് കേന്ദ്രം ഒഴിവാക്കിയിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിങ് പൂർണ്ണമായും സൗജന്യമാണ്. എന്നാൽ ഭക്തരുടെ താൽപര്യപ്രകാരം വേണമെങ്കിൽ അഞ്ചു രൂപ മുതൽ പിൽഗ്രിം റിലീഫ് ഫണ്ടിലേക്കും, ശുചിത്വ പരിപാലനത്തിനായി ജനറൽ ഫണ്ടിലേക്കും സംഭാവന നൽകുന്നതിനുള്ള ഓപ്ഷനും വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. ഇത് നിർബന്ധമല്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29 മുതൽ