ശബരിമല നെയ്യ് ക്രമക്കേട്; സന്നിധാനത്തേക്ക് നെയ്യ് കൊണ്ടുപോയ ട്രാക്ടര്‍ രേഖകള്‍ കാണാനില്ല; എസ്‌ഐടി അന്വേഷണം തുടങ്ങി
തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്ക് മില്‍മയില്‍ നിന്ന് വാങ്ങിയ നെയ്യ് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേടെന്ന് സൂചന. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ട്രാക്ടറില്‍ നെയ്യ് എത്തിച്ചതിന്റെ ഔദ്യോഗിക രേഖകളൊന്നും ദേവസ്വം വിജിലന്‍സിന് മുന്നില്‍ ഹാജരാക്കാന്‍ സ്റ്റോര്‍ അധികൃതര്‍ക്ക് സാധിച്ചില്ല. വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ തീര്‍ഥാടന കാലത്താണ് തിരുവനന്തപുരം മേഖല മില്‍മയില്‍നിന്ന് നെയ്യ് വാങ്ങാന്‍ കരാറിലേര്‍പ്പെട്ടത്. 1.65 ലക്ഷം ലിറ്റര്‍ നെയ്യ് വാങ്ങാനായിരുന്നു ധാരണയെങ്കിലും പമ്പയിലെ ലെഡ്ജര്‍ പരിശോധനയില്‍ 1.61 ലക്ഷം ലിറ്റര്‍ മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ലെഡ്ജര്‍ രേഖകള്‍ മാത്രമുള്ളതുകൊണ്ട് നെയ്യ് സന്നിധാനത്ത് കൃത്യമായി എത്തിയെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍.
പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട കര്‍ശന നടപടിക്രമങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ചട്ടപ്രകാരം ട്രാക്ടര്‍ നമ്പറും ഡ്രൈവറുടെ പേരും, തീയതിയും സമയവും, കൊണ്ടുപോയ സാധനത്തിന്റെ വിവരവും അളവും, ദേവസ്വത്തില്‍ അടയ്ക്കേണ്ട 100 രൂപ ഫീസിന്റെ രസീത് പകര്‍പ്പ് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍, നെയ്യ് കൊണ്ടുപോയതായി അവകാശപ്പെടുന്ന ട്രാക്ടര്‍ യാത്രകളുടെ യാതൊരുവിധ രേഖകളും സ്റ്റോര്‍ ചുമതലക്കാര്‍ക്ക് കാണിക്കാനായില്ല. മില്‍മയില്‍നിന്ന് നെയ്യ് കയറ്റി അയച്ചത്, പമ്പയില്‍ അത് സ്വീകരിച്ചത്, സ്റ്റോക്കില്‍ ഉള്‍പ്പെടുത്തിയത്, തുടര്‍ന്ന് സന്നിധാനത്തേക്ക് മാറ്റിയത് തുടങ്ങി ഓരോ ഘട്ടത്തിലും വ്യക്തമായ പൊരുത്തക്കേടുകളാണ് പ്രകടമാകുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.