തിരുവനന്തപുരം: ശബരിമലയിലേക്ക് എത്തിക്കേണ്ട മില്‍മ നെയ്യ് മറിച്ചു വിറ്റ് പകരം ഗുണനിലവാരമില്ലാത്ത നെയ്യ് നല്‍കിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമാകുന്നു. കേസില്‍ ദേവസ്വം സെക്രട്ടറി തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിറങ്ങി. മില്‍മ നല്‍കിയ നെയ്യ് ഗുണനിലവാരമില്ലാത്തതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ദേവസ്വം സെക്രട്ടറി അന്വേഷിക്കും. ഇതിന് പുറമെ ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഉത്തരവിന്‍മേല്‍ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലും വിജിലന്‍സ് തലത്തിലും നിലവില്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
സംഭവത്തില്‍ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. ഗുണമേന്മയില്ലാത്ത നെയ്യ് വാങ്ങിയതില്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഏതൊക്കെ കാലഘട്ടങ്ങളിലാണ് ഇത്തരത്തില്‍ നിലവാരമില്ലാത്ത നെയ്യ് ശബരിമലയിലെത്തിയതെന്ന് ദേവസ്വം കമ്മീഷണര്‍ പരിശോധിക്കും. വിറ്റവര്‍ ഗുണമേന്മയില്ലാത്ത സാധനം നല്‍കിയെങ്കില്‍ എന്തിനത് വാങ്ങി എന്ന ചോദ്യമാണ് മന്ത്രി കെ. മുരളീധരന്‍ ഉന്നയിക്കുന്നത്. വിശ്വാസികളുടെ വിശ്വാസം ഹനിക്കുന്ന പ്രവൃത്തികള്‍ അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ വിഷയം അതീവ ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ആരോപണവിധേയനായ മില്‍മ ഉദ്യോഗസ്ഥന്‍ ഷൈന്‍ ജോസഫിനെ സംരക്ഷിക്കാന്‍ നീക്കം നടന്നതായും വിവര പുറത്തുവരുന്നുണ്ട്. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെ ഷൈന്‍ ജോസഫ് നല്‍കിയ രാജി, സര്‍ക്കാരിന്റെയും മില്‍മ എം.ഡി.യുടെയും എതിര്‍പ്പ് മറികടന്ന് ഇടതു ഭരണസമിതി അംഗീകരിക്കുകയായിരുന്നു. ചട്ടങ്ങള്‍ ലംഘിച്ച് ടെന്‍ഡറിന് ശുപാര്‍ശ ചെയ്തതും തട്ടിപ്പിന് കളമൊരുക്കിയതും ഷൈന്‍ ജോസഫ് ആണെന്നിരിക്കെ, മില്‍മയിലെ ഇടതു ഭരണസമിതി അറിയാതെ ഇത്തരം കാര്യങ്ങള്‍ നടക്കില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ ആരോപിച്ചു.
ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് മറിച്ചുവിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും, ഉത്തരവിറങ്ങി