കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. ഗവര്‍ണറുടെ നടപടി ജനാധിപത്യ വ്യവസ്ഥയുടെ ലംഘനമാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക പോലുംപരിഗണിക്കാതെയാണ് ടി സജിത റാണിയെ നിയമിച്ചത്. സജിതയുടെ യോഗ്യതയെന്തെന്ന് തനിക്കറിയില്ലന്നും റോജി.എം.ജോണ്‍ പറഞ്ഞു.
കോടതിയില്‍ ചോദ്യം ചെയ്യുന്നത് ആലോചിച്ചു തീരുമാനിക്കും. ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലന്ന് വ്യക്തമാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇത്തരം കടന്നുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്നും അതിനെ എതിര്‍ക്കുന്ന സമീപനമാണ് തങ്ങള്‍ സ്വീകരിച്ചതെന്നും, അതിപ്പോഴും തുടരുകയാണെന്നും വ്യക്തമാക്കി.
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ചാന്‍സലറെ ഉപയോഗപ്പെടുത്തി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.സര്‍വ്വകലാശാല ചട്ടവുമായി ബന്ധപ്പെട്ടു ചില നിയമപരമായ തടസ്സങ്ങളുണ്ട്. അതുകൂടി പരിശോധിച്ചു തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക സര്‍വ്വകലാശാല വിസി നിയമനം ജനാധിപത്യ വിരുദ്ധം: റോജി.എം. ജോണ്