ഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസിലെ ചുവന്ന ചുമരുകളില്‍ ഇപ്പോള്‍ ചിത്രങ്ങളില്ല; പകരം ബാക്കിയായത് കുറച്ചു ആണികളും, അതില്‍ തൂക്കിയിട്ടിരിക്കുന്ന ഭരണഘടനാ ആമുഖത്തിന്റെ പകര്‍പ്പുകളും മാത്രമാണ്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വാദ്രയുടെ 'നോ ഐഡിയ ഈസ് ഫൈനല്‍' എന്ന ഫോട്ടോ എക്‌സിബിഷനില്‍ നിന്ന് ഡല്‍ഹിയിലെ സമരചരിത്രങ്ങള്‍ പകര്‍ത്തിയ 75 ചിത്രങ്ങള്‍ അധികൃതര്‍ നിര്‍ബന്ധപൂര്‍വ്വം നീക്കം ചെയ്യിച്ചപ്പോള്‍ ശൂന്യമായത് ഒരു ആര്‍ട്ട് ഗാലറിയുടെ മുറികള്‍ മാത്രമല്ല; മറിച്ച് ഇന്ത്യന്‍ ജനാധിപത്യം കലയ്ക്കും വിയോജിപ്പുകള്‍ക്കും നല്‍കിയിരുന്ന ഇടം കൂടിയാണ്. തെരുവില്‍ ഉയര്‍ന്ന ജനകീയ പ്രക്ഷോഭങ്ങളെ ലാത്തിയും കണ്ണീര്‍വാതകവും മുന്‍കരുതല്‍ തടങ്കലുകളും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന അതേ ഭരണകൂടം, ആ തെരുവിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ചുവരുകളില്‍ ഫ്രെയിം ചെയ്തു വെക്കുന്നത് പോലും ഭയപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.
'നോ ഐഡിയ ഈസ് ഫൈനല്‍' എന്ന പേരില്‍ റെയ്ഹാന്‍ വാദ്ര ഒരുക്കിയ പ്രദര്‍ശനത്തില്‍ നിന്നാണ് ഡല്‍ഹിയിലെ സമീപകാല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട 75 ഫോട്ടോകള്‍ നീക്കം ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി റെയ്ഹാന്‍ പകര്‍ത്തിയ സ്ട്രീറ്റ് ഫോട്ടോഗ്രാഫി, യുവജന മുന്നേറ്റങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ ശേഖരം. നൂറിലധികം ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന എക്‌സിബിഷനില്‍ രണ്ട് മുറികളിലായി പ്രദര്‍ശിപ്പിച്ചിരുന്ന 75 ചിത്രങ്ങള്‍ക്കാണ് വേദി അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപിയുടെയും ബിസിനസുകാരനായ റോബര്‍ട്ട് വാദ്രയുടെയും മകനാണ് റെയ്ഹാന്‍. ഡല്‍ഹിയിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമായ ബിക്കാനീര്‍ ഹൗസിലെ ചിത്രപ്രദര്‍ശനത്തില്‍ നിന്ന് സമീപകാല പ്രതിഷേധങ്ങളുടെ ഫോട്ടോകള്‍ നീക്കം ചെയ്ത നടപടിക്കെതിരെ ഭരണകൂടം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണെന്ന് റെയ്ഹാന്‍ ആരോപിച്ചു.
പ്രദര്‍ശനത്തിന്റെ ലേഔട്ട് നേരത്തെ തന്നെ സമര്‍പ്പിച്ചിരുന്നെങ്കിലും, ഒക്ടോബര്‍ 20-ന് എക്‌സിബിഷന്‍ ആരംഭിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ചില ചിത്രങ്ങള്‍ വേദിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചത്. ചിത്രങ്ങള്‍ക്ക് 'രാഷ്ട്രീയ സ്വഭാവം' ഉണ്ടെന്നും അതിനാല്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നുമായിരുന്നു നിലപാട്.
ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ അനുമതി നിഷേധിക്കുക, പ്രതിഷേധക്കാരെ 'രാജ്യവിരുദ്ധര്‍' എന്ന് ചാപ്പകുത്തുക, നേതാക്കളെ അര്‍ദ്ധരാത്രിയില്‍ തടവിലാക്കുക തുടങ്ങിയ രീതികള്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. എന്നാല്‍, തെരുവില്‍ മനുഷ്യരെ നിശബ്ദരാക്കുന്നതിനേക്കാള്‍ ഭരണകൂടം ഭയപ്പെടുന്നത് ആ തെരുവിന്റെ ഓര്‍മ്മകളെയാണെന്നാണ് ബിക്കാനീര്‍ ഹൗസ് സംഭവം തെളിയിക്കുന്നത്. ഒരു ക്യാമറക്കണ്ണിലൂടെ ചരിത്രത്തെയും ജനങ്ങളുടെ രോഷത്തെയും രേഖപ്പെടുത്തുന്നത് പോലും 'അധികാരത്തിന് ഭീഷണിയാകുന്നു' എന്നത് ഒരു ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ച് ഭയാനകമായ അവസ്ഥയാണ്. ഭരണകൂടത്തിന് അനുകൂലമായത് മാത്രം 'സംസ്‌കാരവും', ഭരണകൂടത്തെ ചോദ്യം ചെയ്യുന്നത് 'രാഷ്ട്രീയവും' ആയി വ്യാഖ്യാനിക്കപ്പെടുന്നത് ഫാസിസ്റ്റ് പ്രവണതയുടെ ലക്ഷണമാണ്.
ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍ക്ക് സാംസ്‌കാരികതയെ കുറിച്ചു പറയാന്‍ ഒരര്‍ഹതയുമില്ല. മറിച്ചുള്ള വാദങ്ങള്‍ ഭരണകൂടത്തിന്റെ കാപട്യമാണ്. ഒരു വശത്ത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ആഗോളതലത്തില്‍ അഭിമാനിക്കുകയും, മറുവശത്ത് ഏതാനും നിശ്ചലദൃശ്യങ്ങള്‍ക്ക് മുന്നില്‍ വിറളിപൂണ്ട് ആര്‍ട്ട് ഗാലറികള്‍ അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ അപകര്‍ഷതാബോധമാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്.
ചുമരുകളില്‍ നിന്ന് ചിത്രങ്ങള്‍ അഴിച്ചുമാറ്റാം, പക്ഷേ ആ ചിത്രങ്ങള്‍ പ്രതിഫലിപ്പിച്ച ജനകീയ പ്രക്ഷോഭങ്ങളുടെ ചരിത്രത്തെ ഭരണകൂടത്തിന് മായ്ച്ചുകളയാനാകില്ല. വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിലൂടെ അധികാരികള്‍ ചെയ്യുന്നത് അവയുടെ സ്വാധീനത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുക മാത്രമാണ്'.ബിക്കാനീര്‍ ഹൗസിലെ ശൂന്യമായ ആ ചുവരുകള്‍, അവിടെ തൂക്കിയിരുന്ന 75 ചിത്രങ്ങളേക്കാള്‍ ഉറക്കെ സംസാരിക്കുന്നുണ്ട്ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചും, സ്വതന്ത്രമായ ചിന്തകളെ പോലും ഭയക്കുന്ന ഒരു ഭരണകൂടത്തിന്റെ അധഃപതനത്തെക്കുറിച്ചും. ആ ശൂന്യത തന്നെയാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ സമരം
ശൂന്യമായ ചുമരുകള്‍ സംസാരിക്കുന്നു: തെരുവിനെയും കലയെയും ഭയക്കുന്ന ഭരണകൂടം; റെയ്ഹാന്‍ വാദ്ര