തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ ഭരണമാറ്റത്തെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രാജിവെച്ചു. ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയതായി അദ്ദേഹം അറിയിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നതിന് പിന്നാലെയുള്ള സ്വാഭാവിക പുനഃസംഘടനയുടെ ഭാഗമായാണ് രാജി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നടന്‍ ജഗദീഷ്, നടന്‍ സലിംകുമാര്‍, സംവിധായകന്‍ ദീപു കരുണാകരന്‍ എന്നിവരുടെ പേരുകളാണ് സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈസ് ചെയര്‍മാനായിരുന്ന നടന്‍ പ്രേംകുമാറും പരിഗണനാ പട്ടികയിലുണ്ട്. മുന്‍ ചെയര്‍മാന്‍ രഞ്ജിത്തിന്റെ രാജിയെ തുടര്‍ന്ന് താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന പ്രേംകുമാറിനെ പിന്നീട് അറിയിപ്പില്ലാതെ മാറ്റുകയായിരുന്നു. താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്‌സണായും സി. അജോയ് സെക്രട്ടറിയായും തുടരുന്ന നിലവിലെ അക്കാദമി ഭരണസമിതിയില്‍ ശ്യാംപുഷ്‌കരന്‍, അമല്‍ നീരദ്, നിഖില വിമല്‍, സിത്താര കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അംഗങ്ങളാണ്. പുതിയ ഭരണസമിതി ഉടന്‍ നിലവില്‍ വരുമെന്നാണ് സൂചന.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് റസൂല്‍ പൂക്കുട്ടി