ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ നിര്‍ണായക തിരുത്തി എഴുത്തുകളുമായി പ്രത്യേക അന്വേഷണ സംഘം. കേസ് നിലനില്‍ക്കില്ലെന്ന് കാണിച്ച് ആദ്യ അന്വേഷണസംഘം സമര്‍പ്പിച്ച റഫര്‍ റിപ്പോര്‍ട്ട് എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ ഓഫീസില്‍ വെച്ചാണ് തയ്യാറാക്കിയതെന്നും അതില്‍ ഗുരുതരമായ വൈരുദ്ധ്യങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളുമാണ് ഉള്ളതെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചു.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ആലപ്പുഴ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എഡിജിപിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന ഈ വിവരങ്ങളുള്ളത്. കേസിലെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയാനിരിക്കെയാണ് ഈ നിര്‍ണായക വെളിപ്പെടുത്തല്‍. ഗണ്‍മാന്മാരുടെ മര്‍ദ്ദനത്തെ 'രക്ഷാപ്രവര്‍ത്തനം' എന്ന് ന്യായീകരിക്കാന്‍ ആദ്യ അന്വേഷണസംഘം ആശ്രയിച്ചത് പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു. എന്നാല്‍ സംഭവസമയത്ത് പോലീസ് ഫോട്ടോഗ്രാഫര്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന് എസ്.ഐ.ടി ചൂണ്ടിക്കാണിക്കുന്നു.
സംഭവസമയത്ത് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു ആദ്യ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, മര്‍ദ്ദനത്തിന്റെ ഒരു ദൃശ്യവും താന്‍ പകര്‍ത്തിയിട്ടില്ലെന്നാണ് പോലീസ് ഫോട്ടോഗ്രാഫര്‍ എസ്.ഐ.ടിക്ക് നല്‍കിയ യഥാര്‍ത്ഥ മൊഴി. താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മര്‍ദ്ദനത്തിന് ശേഷമുള്ളതാണെന്ന് കേസ് ഡയറിയിലുണ്ട്. എഡിജിപിയുടെ ഓഫീസില്‍ വെച്ച് നടത്തിയ തിരുത്തലിലൂടെ ഫോട്ടോഗ്രാഫറുടെ കൈവശം സംഭവസമയത്തെ ദൃശ്യങ്ങള്‍ ഉണ്ടെന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറ്റിമറിക്കുകയായിരുന്നു. ഈ വീഡിയോയില്‍ മര്‍ദ്ദനദൃശ്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേസ് നിലനില്‍ക്കില്ലെന്ന ശുപാര്‍ശ ആദ്യ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. റഫര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് എഡിജിപിയുടെ ഓഫീസില്‍ വെച്ചാണെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനും എഡിജിപിയുടെ ഓഫീസിലെ ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ടെന്നും എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കേസിലെ പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, ആവശ്യമെങ്കില്‍ തിരിച്ചറിയല്‍ പരേഡ് നടത്തണമെന്നും വ്യക്തമാക്കിയ പ്രത്യേക അന്വേഷണ സംഘം, പ്രതികള്‍ക്ക് യാതൊരു കാരണവശാലും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം, കേസില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്‍പ് തന്നെ തങ്ങള്‍ക്കെതിരെ നരഹത്യാശ്രമം ചുമത്തിയതിനെതിരെ പ്രതിഭാഗം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്.
'രക്ഷാപ്രവര്‍ത്തനം': അജിത്കുമാറിന്റെ ഓഫീസില്‍ വെച്ച് റഫര്‍ റിപ്പോര്‍ട്ട് തിരുത്തി; കോടതിയില്‍ ഗുരുതര വെളിപ്പെടുത്തലുമായി എസ്.ഐ.ടി