തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2026-27 ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള രൂപരേഖ തയാറാക്കുന്നതിനായി 'റീഇമാജിനിങ് കേരളം' എന്ന പേരില്‍ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ തിരുവനന്തപുരത്തെ ലെമണ്‍ ട്രീ പ്രീമിയര്‍, ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ എന്നീ വേദികളിലായാണ് സമ്മേളനം നടക്കുന്നത്. ബജറ്റ് നിര്‍ദേശങ്ങളെ കൃത്യമായ പ്രവര്‍ത്തന പദ്ധതികളാക്കി മാറ്റുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ എന്നിവരെ ഒരുമിച്ചുചേര്‍ത്ത് പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനാണ് കോണ്‍ഫറന്‍സ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സംസാരിച്ച മുഖ്യമന്ത്രി വി.ഡി സതീശന്‍, കൂട്ടായ ചിന്തയില്‍ നിന്ന് കൂട്ടായ പ്രവര്‍ത്തനത്തിലേക്ക് നയിക്കുന്ന പ്രക്രിയയെയാണ് 'റീഇമാജിനിംഗ് കേരളം' പ്രതിഫലിപ്പിക്കുന്നതെന്ന് വ്യക്തമാക്കി. ആശയങ്ങളെ പ്രായോഗിക പദ്ധതികളാക്കി മാറ്റാന്‍ ഈ കൂട്ടായ്മ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ ഒ.എസ്.ഡിയും അഡീഷണല്‍ സെക്രട്ടറിയുമായ എന്‍.എസ്.കെ ഉമേഷ് എന്നിവരും പങ്കെടുത്തു. സെപ്റ്റംബര്‍ 16-ന് രാവിലെ 9.30-ന് മുഖ്യമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വ്യവസായ, ഐ.ടി, എ.ഐ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.
അടിസ്ഥാന സൗകര്യ വികസനം, സമുദ്രാധിഷ്ഠിത വികസനം, വ്യവസായ ഇടനാഴികള്‍, പുനരുപയോഗ ഊര്‍ജ്ജം, നഗരവികസനം, ആരോഗ്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മേഖല, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ പദ്ധതികള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ഓരോ പദ്ധതിയുടെയും ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കരട് രേഖ തയാറാക്കി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. അംഗീകാരം ലഭിച്ച ശേഷമാകും ഡി.പി.ആര്‍ തയാറാക്കല്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ആരംഭിക്കുക. പദ്ധതികളുടെ കൃത്യമായ പുരോഗതി വിലയിരുത്താന്‍ പ്രത്യേക മോണിറ്ററിങ് സംവിധാനവും ഏര്‍പ്പെടുത്തും.
ബജറ്റ് പ്രഖ്യാപനങ്ങള്‍ പ്രായോഗികമാക്കാന്‍ 'റീഇമാജിനിങ് കേരളം': റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 16 മുതല്‍ മുതല്‍ 18 വരെ