കാഞ്ഞങ്ങാട്: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിയ ഉറവിടം വ്യക്തമല്ലാത്ത കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തെക്കുറിച്ച് ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും ലയണല്‍ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് വിദേശ അക്കൗണ്ടിലേക്ക് അയച്ച 126 കോടി രൂപയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പനിക്ക് സമന്‍സ് അയച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.ബി.സിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ആകെ 549.22 കോടി രൂപയെത്തിയതായാണ് കണ്ടെത്തല്‍. ഇതില്‍ ഗോകുലം ചിറ്റ്‌സ് നല്‍കിയ 137.75 കോടി രൂപയും ഹിന്ദുജ ഫിനാന്‍സ് നല്‍കിയ 75 കോടി രൂപയും ഉള്‍പ്പെടെ 212.75 കോടി രൂപയുടെ വിവരങ്ങള്‍ മാത്രമാണ് നിലവില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. എന്നാല്‍ ബാക്കിയുള്ള 336.47 കോടി രൂപയുടെ സ്രോതസ്സിനെക്കുറിച്ചാണ് ജി.എസ്.ടി ഇന്റലിജന്‍സ് പ്രധാനമായും അന്വേഷിക്കുന്നത്.
ജി.എസ്.ടി തിരുവനന്തപുരം ജോയിന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ കൊല്ലം ഇന്റലിജന്‍സ് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കാക്കനാട് എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടില്‍ മാത്രം 436 കോടി രൂപയെത്തിയിട്ടുണ്ട്. കളമശ്ശേരിയിലെ ആക്‌സിസ്, ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടുകള്‍ വഴി 111.80 കോടി രൂപയും വന്നു. ഈ തുകയെല്ലാം കൃത്യസമയങ്ങളില്‍ തന്നെ പിന്‍വലിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം, ഹിന്ദുജ ഫിനാന്‍സില്‍ നിന്ന് ആര്‍.ബി.സി വായ്പയെടുത്ത 75 കോടി രൂപയ്ക്ക് ജാമ്യം നിന്നത് വ്യവസായി ഗോകുലം ഗോപാലനാണെന്ന് ഫിനാന്‍സ് കമ്പനി അന്വേഷണ സംഘത്തിന് മറുപടി നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി, ടി.ബി.സി എന്റര്‍പ്രൈസസ്, എമരാജ് കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് പുറമെ റോജി എം. അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളിലാണ് വായ്പയെടുത്തതെന്നും ഈ തുക മുഴുവന്‍ ആര്‍.ബി.സിയുടെ ഒറ്റ അക്കൗണ്ടിലേക്കാണ് പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ടര്‍ കമ്പനിയുടെ അക്കൗണ്ടുകളിലെ 336 കോടിയുടെ ഉറവിടം വ്യക്തമല്ല; ജി.എസ്.ടി ഇന്റലിജന്‍സ് അന്വേഷണം ശക്തമാക്കുന്നു