ബോളിവുഡ് താരം ടൈഗര്‍ ഷ്റോഫിന്റെ കാറിനുനേരേ വെടിവെപ്പ് നടത്തിയ സംഘം നടന്‍ രണ്‍ബീര്‍ കപൂറിനെയും ലക്ഷ്യവെച്ചിരുന്നതായി മുംബൈ പോലീസിന്റെ വെളിപ്പെടുത്തല്‍. രണ്‍ബീറിന്റെ ബാന്ദ്രയിലെ വസതിയിലും ഇവര്‍ നിരീക്ഷണം നടത്തിയിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. മുംബൈയിലെത്തിയ പ്രതികള്‍ ആദ്യം സല്‍മാന്‍ ഖാനെയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ വസതിക്കുപുറത്ത് പോലീസ് കാവല്‍ ശക്തമാണെന്നു കണ്ടതിനെത്തുടര്‍ന്ന് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന്, ടൈഗര്‍ ഷ്റോഫ് ഞായറാഴ്ചകളില്‍ ജുഹുവിലെ ഫുട്ബോള്‍ ഗ്രൗണ്ടില്‍ എത്താറുണ്ടെന്നും അവിടെ സുരക്ഷ കുറവാണെന്നും സാമൂഹികമാധ്യമങ്ങളില്‍നിന്ന് മനസ്സിലാക്കിയാണ് സംഘം അദ്ദേഹത്തെ ലക്ഷ്യമിട്ടത്. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ അനീഷ് പണ്ഡിറ്റിന്റെ നിര്‍ദേശപ്രകാരമാണ് മൂന്നുപേര്‍ ചേര്‍ന്ന് ടൈഗര്‍ ഷ്റോഫിന്റെ കാറിനുനേരേ വെടിയുതിര്‍ത്തതെന്ന് മുംബൈ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
രാജസ്ഥാനിലെ കോട്ടയില്‍നിന്ന് പിടികൂടി മുംബൈയിലെത്തിച്ച റെഹാന്‍ എന്ന സുകു, റിതിക് കുര്‍മി എന്ന റോഷന്‍, ഫൂല്‍ സിങ് എന്നീ മൂന്ന് പ്രതികളെയും ഒക്ടോബര്‍ 31 വരെ കോടതി പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഡല്‍ഹിയില്‍ അറസ്റ്റിലായ ഹരിയാണ സോണിപത് സ്വദേശികളായ കുനാല്‍ (21), സുമിത് (19), ഉത്തര്‍പ്രദേശ് സ്വദേശിനികളായ രാധ (23), ബബിത (23) എന്നിവരെ ഒക്ടോബര്‍ 26 വരെയും കോടതി കസ്റ്റഡിയില്‍ വിട്ടു. സ്ത്രീകളടക്കമുള്ള സംഘമാണ് അക്രമികള്‍ക്ക് തോക്കുകള്‍ കൈമാറിയത്. പ്രതികളില്‍ രണ്ടുപേര്‍ അമൃത്സറില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയ ശേഷം, രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് ട്രെയിനില്‍ തോക്കുകള്‍ മുംബൈയിലേക്ക് കടത്തി നേരിട്ട് അക്രമികള്‍ക്ക് കൈമാറുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ആക്രമണത്തിന് ഉപയോഗിച്ച തോക്കുകള്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്നും, പ്രതികളുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കാനും ആയുധങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെയും മോട്ടോര്‍സൈക്ലിന്റെയും അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കൊലപാതകശ്രമം, ആയുധനിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വെടിവെപ്പില്‍ പരിക്കേറ്റ വ്‌ളോഗര്‍ ഉമേഷ് ചൗഹാന്റെ ശരീരത്തില്‍ കയറിയ വെടിയുണ്ട കെ.ഇ.എം. ആശുപത്രിയില്‍ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സി.വി.ടി.എസ്. വിഭാഗം മേധാവി ഉദയ് ഏക്നാഥ് ജാദവ്, സര്‍ജറി വിഭാഗം മേധാവി രാം പ്രജാപതി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഞായറാഴ്ച വൈകുന്നേരം വെടിവെപ്പ് നടക്കുമ്പോള്‍ ചൗഹാന്‍ ഷ്റോഫിന്റെ കാറിനരികില്‍ നില്‍ക്കുകയായിരുന്നു. സംഭവത്തില്‍ ടൈഗര്‍ ഷ്റോഫ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ കാര്‍ ഡ്രൈവര്‍ക്കും ഉമേഷ് ചൗഹാനും പരിക്കേറ്റിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ വിവരശേഖരണം; രണ്‍ബീറിനെയും ലക്ഷ്യമിട്ടു, സല്‍മാനെ ഒഴിവാക്കിയത് സുരക്ഷ കണ്ട്