തിരുവനന്തപുരം: കാലാവധി തീരാൻ കേവലം ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സബ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിൽപ്പെടുന്ന 43 ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അടിയന്തര ഇടപെടൽ. ലിസ്റ്റിലുള്ള 43 പേർക്കും നിയമനം ലഭ്യമാക്കുന്നതിനായി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നേരിട്ട് നിർദ്ദേശം നൽകി.
2025 ജൂൺ ഒമ്പതിനാണ് പിഎസ്‌സി നടത്തിയ സബ് ഇൻസ്പെക്ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വരും ദിവസങ്ങളിൽ (2026 ജൂൺ 9-ന്) ഈ ലിസ്റ്റിന്റെ ഔദ്യോഗിക കാലാവധി അവസാനിക്കുകയാണ്. സർക്കാരിന്റെ പൊതുവായ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ ഉത്തരവുകൾ ഈ ലിസ്റ്റിന് ബാധകമാകാതെ വന്നതോടെയാണ് ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാനുള്ള അവസരം പൂർണ്ണമായും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായത്.
തങ്ങൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥികൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കുകയായിരുന്നു. പരാതിയിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും അർഹതപ്പെട്ട ഒരാളുടെ പോലും ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. മന്ത്രി നൽകിയ ഉറപ്പിന് പിന്നാലെയാണ് 43 ഉദ്യോഗാർത്ഥികൾക്ക് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് വഴിതുറന്നത്.