ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ നാട്ടുകാരുടെ മര്‍ദനമേറ്റ് മുന്‍ ബി.ജെ.പി എം.എല്‍.എ അതര്‍ സിങ് ബദാന കൊല്ലപ്പെട്ടു. ഭോണ്ഡ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ഗ്രാമത്തില്‍ പുതിയ ക്രഷര്‍ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്രഷര്‍ തുറക്കുന്നതിനെതിരെ പ്രദേശവാസികള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. മുന്‍ എം.എല്‍.എ നിയമവിരുദ്ധമായി സ്ഥലം കൈയേറുകയും മതിയായ അനുമതികളില്ലാതെ ഖനനം നടത്തുകയും ചെയ്തുവെന്നാരോപിച്ച് നാട്ടുകാരും ബദാനയും തമ്മില്‍ വാക്തര്‍ക്കമുണ്ടായി.
തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ കല്ലുകളും വടികളും ഉപയോഗിച്ച് അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബദാനയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ ബദാനയുടെ സഹായിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
രാജസ്ഥാനില്‍ തര്‍ക്കത്തിനിടെ ജനക്കൂട്ടത്തിന്റെ ആക്രമണം; മുന്‍ ബി.ജെ.പി എം.എല്‍.എ കൊല്ലപ്പെട്ടു