സംസ്ഥാനത്ത് വരും മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍-മധ്യ കേരളത്തിലാണ് മഴ ശക്തമാകാന്‍ സാധ്യത. ഇതിനൊപ്പം കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തെത്തുടര്‍ന്ന് കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണിത്. മലയോര മേഖലകളിലും നഗരപ്രദേശങ്ങളിലും പ്രത്യേകം ജാഗ്രത പുലര്‍ത്തണം.
മഴയ്ക്ക് പുറമെ, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും കനത്ത ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ വിവിധ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കന്യാകുമാരി പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ തെക്കന്‍ ഗുജറാത്ത് തീരം, പാകിസ്ഥാന്‍ തീരം, വടക്കന്‍ അറബിക്കടല്‍, സോമാലിയ തീരം, തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
മഴ കനക്കുന്നു; തെക്കന്‍-മധ്യ കേരളത്തില്‍ ഇന്ന് യെല്ലോ അലര്‍ട്ട്