പാലക്കാട്: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി തീവണ്ടികളില്‍ പടക്കം കടത്തുന്നത് തടയാന്‍ കര്‍ശന മുന്നറിയിപ്പുമായി റെയില്‍വേ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ പടക്കങ്ങള്‍ ട്രെയിന്‍ മാര്‍ഗ്ഗം എത്തിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പാലക്കാട് ഡിവിഷന്‍ പരിശോധന ശക്തമാക്കിയത്.
പടക്കങ്ങള്‍ക്ക് പുറമെ ഗ്യാസ് സിലിണ്ടര്‍, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, സ്റ്റൗ, തീപ്പെട്ടി, സിഗരറ്റ് ലൈറ്റര്‍ തുടങ്ങിയ പെട്ടെന്ന് തീപിടിക്കുന്ന യാതൊരുവിധ വസ്തുക്കളും ട്രെയിനില്‍ കൊണ്ടുപോകാന്‍ പാടില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്ക് 1,000 രൂപ പിഴയോ മൂന്ന് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ആര്‍പിഎഫ്, റെയില്‍വേ പോലീസ്, ടിക്കറ്റ് പരിശോധകര്‍ എന്നിവരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനകള്‍ നടക്കും. യാത്രക്കിടെ അപകടകരമായ ഇത്തരം വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ 139 എന്ന റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിവരമറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ദീപാവലി: തീവണ്ടികളില്‍ പടക്കങ്ങളും തീപിടിക്കുന്ന വസ്തുക്കളും വിലക്കി റെയില്‍വേ; ലംഘിച്ചാല്‍ തടവും പിഴയും