ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണരീതികള്‍ക്കും ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത തകരുന്നതിനുമെതിരെ പ്രതിപക്ഷത്തിന്റെ ഉറച്ച ശബ്ദമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മാറിയിരിക്കുന്നു. പരമ്പരാഗത രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കപ്പുറം, ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനായി തെരുവിലിറങ്ങി പോരാടുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍ രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയത്തിന് പുതുജീവനും ദിശാബോധവും നല്‍കുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ഭയമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണെന്നിരിക്കെ, അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ഉറക്കെ വിളിച്ചുപറയാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി രാഹുല്‍ മുന്നില്‍ തന്നെയുണ്ട്. 'വോട്ടു കൊള്ള'യ്ക്കും വോട്ടര്‍പട്ടിക തിരിമറികള്‍ക്കുമെതിരെ ശക്തമായ തെളിവുകളോടെ അദ്ദേഹം നടത്തുന്ന പോരാട്ടം ഭരണകൂടത്തെപ്പോലും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പ്രതിപക്ഷ എം.പിമാരെ നയിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ബഹുജന മാര്‍ച്ച് ഭരണകൂടത്തിന്റെ വിറളിയെടുപ്പിച്ചു. ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി ദേശീയപതാകയേന്തി നിന്ന രാഹുലിന്റെ ചിത്രം, രാജ്യം നേരിടുന്ന ജനാധിപത്യ പ്രതിസന്ധിക്കെതിരെയുള്ള പോരാട്ടത്തിന്റെ വീര്യമുള്ള പ്രതീകമായി മാറിയിരിക്കുകയാണ്. അറസ്റ്റോ പൊലീസിന്റെ ബലപ്രയോഗമോ ഭയപ്പെടുത്താത്ത ഉറച്ച നിലപാടുമായി മുന്‍പോട്ടുപോകുന്ന അദ്ദേഹം, പ്രതിപക്ഷത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്നതിലും നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്.
ഭരണഘടനാ മൂല്യങ്ങളും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോരാടുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതിജ്ഞാബദ്ധത, ഇന്ത്യയിലെ സാധാരണക്കാരായ ലക്ഷക്കണക്കിന് മനുഷ്യരിലാണ് ജനാധിപത്യത്തിലുള്ള പ്രത്യാശ നിലനിര്‍ത്തുന്നത്.
'ഭരണഘടനയുടെ കാവലാള്‍': തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പോരാട്ടത്തില്‍ ഉറച്ച ശബ്ദമായി രാഹുല്‍ ഗാന്ധി